അബ്ദുറഹീമിന്റെ മോചനം: നടപടികൾ പുരോഗമിക്കുന്നതായി റിയാദ് നിയമ സഹായസമിതി
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി റിയാദിലെ നിയമ സഹായസമിതി അറിയിച്ചു. പെരുന്നാൾ അവധി ദിനങ്ങളാണെങ്കിലും മോചനത്തിനായുള്ള നയതന്ത്ര-നിയമപരമായ ശ്രമങ്ങൾ തുടരുന്നുണ്ടെന്നും നിലവിൽ നടപടികൾ വൈകുന്നതിൽ യാതൊരുവിധ അസ്വാഭാവികതയുമില്ലെന്നും സഹായസമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അബ്ദുറഹീമിന്റെ ഇരുപത് വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. സൗദി അറേബ്യയിലെ സർക്കാർ മേഖല നിലവിൽ പെരുന്നാൾ അവധിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എങ്കിലും കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാന സർക്കാർ വകുപ്പുകൾ ഈ അവധി ദിനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. വരാനിരിക്കുന്ന വാരാന്ത്യ അവധി കൂടി കഴിഞ്ഞ് ഞായറാഴ്ച മുതൽ മോചനവുമായി ബന്ധപ്പെട്ട കൂടുതൽ ഔദ്യോഗിക നടപടികൾ വേഗത്തിൽ മുന്നോട്ടുനീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയിലിൽ നിന്നുള്ള വിടുതൽ നടപടികൾ പൂർണ്ണമായി പൂർത്തിയായ ശേഷമായിരിക്കും എമർജൻസി സർട്ടിഫിക്കറ്റിൽ താല്ക്കാലിക എക്സിറ്റ് വിസ അനുവദിക്കുക. എന്നാൽ നിലവിലെ പെരുന്നാൾ അവധികൾ എക്സിറ്റ് വിസ ലഭിക്കുന്നതുൾപ്പെടെയുള്ള അവസാന ഘട്ട നടപടിക്രമങ്ങളെ നേരിയ രീതിയിൽ ബാധിക്കുമോ എന്ന ആശങ്കയും നിയമ സഹായ സമിതി പങ്കുവെക്കുന്നുണ്ട്. ജയിലിലും മറ്റ് ബന്ധപ്പെട്ട മന്ത്രാലയങ്ങളിലും നടപടികൾ വേഗത്തിലാക്കാനായി ഇന്ത്യൻ എംബസിയും അഭിഭാഷകരും പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവൂരും സംയുക്തമായി രംഗത്തുണ്ട്. വർഷങ്ങളോളം പഴക്കമുള്ള കേസ് ആയതിനാൽ വിടുതൽ രേഖകൾ കൃത്യമായി പരിശോധിച്ചു തയ്യാറാക്കാൻ സ്വാഭാവികമായ സമയം മാത്രമാണ് എടുക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
