എണ്ണയിതര വിദേശ വ്യാപാരത്തിൽ അബുദാബിക്ക് 17.9% കുതിപ്പ്

  1. Home
  2. Global Malayali

എണ്ണയിതര വിദേശ വ്യാപാരത്തിൽ അബുദാബിക്ക് 17.9% കുതിപ്പ്

abudhabi


 

എണ്ണ വരുമാനത്തിന് അപ്പുറത്തേക്കു സമ്പദ്‌വ്യവസ്ഥയെ വളർത്താനുള്ള അബുദാബിയുടെ ശ്രമങ്ങൾക്കു കരുത്തേകി വിദേശ വ്യാപാരത്തിൽ വൻ കുതിപ്പ്. ഈ വർഷം 6 മാസത്തിനിടെ എമിറേറ്റിന്റെ എണ്ണയിതര വിദേശ വ്യാപാരം 23,060 കോടി ദിർഹത്തിലെത്തി. 2025ൽ ഇതേ കാലയളവിൽ 19,540 കോടി ദിർഹമായിരുന്നു. 17.9% വർധന. ജൂണിൽ മാത്രം 2,800 കോടി ദിർഹത്തിന്റെ വ്യാപാരം നടന്നു.പുനർ കയറ്റുമതി ഉൾപ്പെടെ ആദ്യപകുതിയിലെ കയറ്റുമതി 1,530 കോടി ദിർഹത്തിലെത്തി. ഇറക്കുമതി 1,260 കോടി ദിർഹവും. ഇതോടെ അബുദാബിക്ക് 270 കോടി ദിർഹത്തിന്റെ വ്യാപാര മിച്ചവും ലഭിച്ചു. മുത്തുകൾ, വിലയേറിയ കല്ലുകൾ, സ്വർണം ഉൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങളാണു കയറ്റുമതിയിൽ മുന്നിൽ.

വ്യാപാര ബന്ധത്തിലും ഇന്ത്യയ്ക്കു ശ്രദ്ധേയ സ്ഥാനമുണ്ട്. അബുദാബിയുടെ ഇറക്കുമതി വിപണികളിൽ ഹോങ്കോങ് 160 കോടി ദിർഹവുമായി ഒന്നാമതും സൗദി അറേബ്യ 120 കോടി ദിർഹവുമായി രണ്ടാമതുമാണ്. ഖത്തർ 79.76 കോടി ദിർഹം, ഇന്ത്യ 64.61 കോടി ദിർഹം, സിംഗപ്പൂർ 59 കോടി ദിർഹം.

വ്യാപാരത്തിന്റെ മൊത്തം വലുപ്പത്തെക്കാൾ ശ്രദ്ധേയമായത് അബുദാബിയിൽ നിന്നുള്ള എണ്ണയിതര കയറ്റുമതിയുടെ കുതിപ്പാണ്. 2024ൽ 10,780 കോടി ദിർഹമായിരുന്ന കയറ്റുമതി 2025ൽ 17,540 കോടി ദിർഹമായി ഉയർന്നു. ഒരു വർഷത്തിനിടെ 63% വർധന. പ്രാദേശിക ഉൽപന്നങ്ങൾക്ക് ആഗോള വിപണിയിൽ ഇടം നേടുന്ന കമ്പനികളുടെ എണ്ണം വർധിക്കുന്നതിന്റെ സൂചനയാണിത്.