വില്ലകളിലെ നീന്തൽക്കുളങ്ങൾക്കു ചുറ്റും സുരക്ഷാവേലികളും മുന്നറിയിപ്പു സംവിധാനങ്ങളും നിർബന്ധമാക്കി അബുദാബി
വില്ലകളിലെ നീന്തൽക്കുളങ്ങൾക്കു ചുറ്റും സുരക്ഷാവേലികളും മുന്നറിയിപ്പു സംവിധാനങ്ങളും നിർബന്ധമാക്കി അബുദാബി മുനിസിപ്പാലിറ്റി. കഴിഞ്ഞ ദിവസം നാലു വയസ്സുകാരി നീന്തൽകുളത്തിൽ മുങ്ങാനിടയായ പശ്ചാത്തലത്തിലാണു നിയമം കർശനമാക്കിയത്. നീന്തൽകുളത്തിൽ കുട്ടികളെ തനിച്ചു വിടരുതെന്നും ചെറിയ അശ്രദ്ധ വലിയ അപകടങ്ങൾക്കു കാരണമായേക്കുമെന്നും നഗരസഭ ഓർമിപ്പിച്ചു. നീന്തൽ വശമില്ലാത്തവരും തുടക്കക്കാരും ലൈഫ് ജാക്കറ്റോ വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സഹായിക്കുന്ന വസ്തുക്കളോ ധരിപ്പിക്കണം. കുട്ടികൾ കരയ്ക്കു കയറുന്നതുവരെ അവരെ നിരീക്ഷിക്കണം. ലൈഫ് ജാക്കറ്റ് ധരിച്ചു മാത്രമേ കുട്ടികളെ നീന്തൽ കുളത്തിൽ വിടാവൂ. നീന്തൽകുളത്തിലോ താൽക്കാലിക ടബുകളിലോ കുട്ടികളെ തനിച്ചു വിടുന്നത് മുങ്ങിമരണം ഉൾപ്പെടെ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സൂചിപ്പിച്ചു. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 1 മുതൽ 5 വയസ്സു വരെയുള്ള കുട്ടികളാണ് നീന്തൽ കുളത്തിൽ മരിക്കുന്നവരിൽ കൂടുതലും. ഇതൊഴിവാക്കാൻ ജീവനക്കാരും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും ഓർമിപ്പിച്ചു. പൊതുസ്ഥലങ്ങളിലെ നീന്തൽകുളങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും. എന്നാൽ വീടുകളിലെ സ്വകാര്യ നീന്തൽകുളങ്ങളിൽ ഇറങ്ങുന്ന കുട്ടികളെ രക്ഷിതാക്കളാണ് ശ്രദ്ധിക്കേണ്ടത്. അപകടമുണ്ടായാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും ആവശ്യപ്പെട്ടു.
നീന്തൽകുളം പതിവായി അറ്റകുറ്റപ്പണി നടത്തുകയും സമയബന്ധിതമായി ശുചീകരിച്ച് ജലം ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കുകയും വേണം. വാട്ടർ ഫിൽറ്റർ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിക്കണം. വെള്ളത്തിലെ ക്ലോറിൻ, പിഎച്ച് തുടങ്ങി രാസവസ്തുക്കളുടെ അളവ് പരിശോധിക്കണം. ഇവയുടെ വ്യതിയാനം ചർമരോഗങ്ങൾക്കു കാരണമാകും. കാഴ്ചയ്ക്കും പ്രയാസമുണ്ടാക്കും. കെട്ടിക്കിടക്കുന്ന വെള്ളമായതിനാൽ സമയബന്ധിതമായി വറ്റിച്ചു പുതിയ വെള്ളം നിറയ്ക്കണം. രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ച് പൂളിൽ പ്രവേശിക്കാതിരിക്കാൻ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
നീന്തൽക്കുളത്തിൽ മുങ്ങിയ നാലു വയസ്സുകാരിക്ക് അദ്ഭുത രക്ഷപ്പെടൽ
അബുദാബി∙ വില്ലയിലെ നീന്തൽക്കുളത്തിൽ വീണ് മുങ്ങിമരണത്തിന്റെ വക്കിലെത്തിയ നാലു വയസ്സുകാരിയെ അടിയന്തര ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിക്ക് കൃത്യസമയത്ത് വൈദ്യസഹായം ലഭ്യമാക്കിയതാണ് രക്ഷയായത്. നീന്തൽകുളത്തിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്. ഉടൻ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. അപകടനില തരണം ചെയ്തതായും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
