സൂപ്പർമാർക്കറ്റുകളിലെ പ്രലോഭനങ്ങൾക്ക് പൂട്ടിട്ട് അബുദാബി
അബുദാബിയിലെ പ്രധാന സൂപ്പർമാർക്കറ്റുകളുടെ പ്രവേശന കവാടങ്ങളിലും കൗണ്ടറുകൾക്ക് സമീപത്തും വച്ചിരുന്ന ആരോഗ്യകരമല്ലാത്ത ഭക്ഷണപാനീയങ്ങളും മധുരപലഹാരങ്ങളും മാറ്റിത്തുടങ്ങി. സാധനങ്ങൾ വാങ്ങാൻ ആളുകൾ ഏറെ സമയം ചെലവഴിക്കുന്ന മേഖലകളിൽ നിന്ന് ഇത്തരം ഉൽപന്നങ്ങൾ നീക്കം ചെയ്യണമെന്ന അബുദാബി ഹെൽത്തി ലിവിങ് പ്രോഗ്രാമിന്റെ പുതിയ നിർദേശത്തെ തുടർന്നാണ് ഈ നീക്കം.കൗണ്ടറുകളിലും മുൻവശത്തും കാണുന്ന ഇത്തരം സാധനങ്ങൾ കണ്ട് പ്രലോഭിതരായി ആളുകൾ അനാവശ്യമായി പണം ചെലവഴിക്കുന്നതും അനാരോഗ്യകരമായ ഭക്ഷണശീലം വളർത്തുന്നതും തടയുകയാണ് ലക്ഷ്യം. ക്യൂ നിൽക്കുന്ന സമയത്ത് കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങി ചോക്ലേറ്റുകളും മധുരപലഹാരങ്ങളും വാങ്ങിക്കൂട്ടുന്ന ശീലത്തിന് പുതിയ തീരുമാനം തടയിടുമെന്ന് സ്വദേശികളും പ്രവാസികളുമായ ഉപഭോക്താക്കൾ പ്രതികരിച്ചു.
ആവശ്യമില്ലാത്ത വസ്തുക്കൾ വാങ്ങി പണം കളയുന്ന പ്രവണത കുറയ്ക്കാൻ ഇത് സഹായിക്കും. പ്രവേശന കവാടങ്ങളിൽ പരസ്യങ്ങളോടെയുള്ള ആകർഷകമായ ഓഫർ പാക്കറ്റുകൾ വയ്ക്കുന്നത് ശ്രദ്ധ തിരിക്കാറുണ്ടായിരുന്നെന്നും അവിടെ ആരോഗ്യപ്രദമായ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നത് നല്ലൊരു മാറ്റമാണെന്നും ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു.സ്റ്റോറുകളിലെ ക്രമീകരണത്തിന് പുറമേ ഉൽപന്നങ്ങളുടെ പാക്കറ്റുകളിൽ അവയുടെ പോഷകഗുണം വ്യക്തമാക്കുന്ന പ്രത്യേക ലേബലുകളും നൽകിത്തുടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് മനസ്സിലാക്കി ആരോഗ്യപ്രദമായ വസ്തുക്കൾ തിരഞ്ഞെടുക്കാൻ ഇത് ആളുകളെ സഹായിക്കുന്നുണ്ട്. ഇതിനായി താം (TAMM) ആപ്പിന്റെ സേവനവും ലഭ്യമാണ്. ഫാസ്റ്റ് ഫൂഡ് പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനവും സ്‌കൂൾ ഭക്ഷണത്തിനുള്ള കർശന മാനദണ്ഡങ്ങളും ഉൾപ്പെടെ നഗരത്തിൽ നടപ്പിലാക്കുന്ന വലിയൊരു ആരോഗ്യ സംരക്ഷണ ദൗത്യത്തിന്റെ ഭാഗമായാണ് ഈ നടപടി.
