ആഭ്യന്തര സാമ്പത്തിക ഇടപാടുകളിൽ നാളെ മുതൽ 'ഐബാൻ' നിർബന്ധം

സാമ്പത്തിക ഇടപാടുകളുടെ കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കുന്നതിനായി ആഭ്യന്തര സാമ്പത്തിക ഇടപാടുകളിൽ ഇന്റർനാഷനൽ ബാങ്ക് അക്കൗണ്ട് നമ്പർ (ഐബാൻ) ജൂലൈ ഒന്ന് മുതൽ നടപ്പാക്കും. ഇത് സംബന്ധിച്ച തീരുമാനം ഒമാൻ സെൻട്രൽ ബാങ്ക് (സി.ബി.ഒ) നേരത്തെ അറിയിച്ചിരുന്നു. വേഗമേറിയതും സുരക്ഷിതവുമായ ബാങ്കിങ് ഇടപാട് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര കൈമാറ്റങ്ങൾക്കായി ഐബാൻ കഴിഞ്ഞ മാർച്ച് 31മുതൽ നടപ്പാക്കിയിരുന്നു.
ഇത് ഇടപാട് കൃത്യത ഗണ്യമായി മെച്ചപ്പെടുത്തി, പിശകുകൾ കുറച്ചു, പ്രാദേശിക, അന്തർദേശീയ ബാങ്ക് കൈമാറ്റങ്ങൾക്കുള്ള പ്രോസസിങ് സമയം ത്വരിതപ്പെടുത്തുകയും ചെയ്തു. ജൂലൈ ഒന്ന് മുതൽ ഐബാൻ ഉൾപ്പെടാത്ത ക്രോസ്-ബോർഡർ ട്രാൻസ്ഫറുകൾ സ്വീകരിക്കുന്നത് നിർത്താൻ സി.ബി.ഒ പ്രാദേശിക ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഐബാൻ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും ഉപഭോക്താക്കൾക്കായി അവബോധ കാമ്പയിനുകൾ നടപ്പാക്കാൻ ബാങ്കുളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ ഉപഭോക്താക്കളും അവരുടെ ബാങ്കുകളിൽനിന്ന് അവരുടെ 'ഐബാൻ' ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി സാമ്പത്തിക ഇടപാടുകളിൽ ഇത് ഉപയോഗിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തിന്റെകോഡ് (OM), ചെക്ക് ഡിജിറ്റുകൾ( രണ്ട് അക്കങ്ങൾ), ബാങ്ക് കോഡ് (മൂന്ന് അക്കങ്ങൾ), വ്യക്തികളുടെ അക്കൗണ്ട് നമ്പറുകൾ(16 അക്കങ്ങൾ) എന്നിവയെല്ലാം ചേർത്തതാണ് ഐബാൻ നമ്പർ വരുന്നത്. ഓരോ വ്യക്തികൾക്കും അവരുടെ ബാങ്കിൽനിന്നും ഐബാൻ സ്വന്തമാക്കാവുന്നതാണ്. അതത് ബാങ്കുകളുടെ ആപ്പിൽനിന്നും ഇത് ലഭിക്കുമെന്ന് സാമ്പത്തിക മേഖലയിലുള്ളവർ പറഞ്ഞു.