സാങ്കേതിക തകരാർ: ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനം കൊച്ചിയിൽ അടിയന്തരമായി ഇറക്കി

  1. Home
  2. Global Malayali

സാങ്കേതിക തകരാർ: ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനം കൊച്ചിയിൽ അടിയന്തരമായി ഇറക്കി

air arabia


സാങ്കേതിക തകരാറിനെ തുടർന്ന് ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന എയർ അറേബ്യ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) അടിയന്തരമായി ഇറക്കി. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന ഒമ്പത് കുട്ടികൾ ഉൾപ്പെടെ 179 യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

എയർ അറേബ്യയുടെ G9 454 വിമാനത്തിന്റെ എൻജിൻ റിവേഴ്സ് ത്രസ്റ്റ് സിസ്റ്റത്തിനുണ്ടായ സാങ്കേതിക തകരാറാണ് വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിടാൻ കാരണമായത്. വിമാനത്താവളത്തിലെ സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് പുലർച്ചെ 3:20 ഓടെ വിമാനത്താവളത്തിൽ ലോക്കൽ സ്റ്റാൻഡ്ബൈ പ്രഖ്യാപിക്കുകയും, തുടർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങൾ സജ്ജമാക്കുന്നതിനായി പൂർണ്ണ അടിയന്തരാവസ്ഥ (Full Emergency) ഏർപ്പെടുത്തുകയും ചെയ്തു.

എല്ലാവിധ സുരക്ഷാ മുൻകരുതലുകളും ഫയർ ഫോഴ്സ് സജ്ജീകരണങ്ങളും പൂർത്തിയാക്കിയ ശേഷം പുലർച്ചെ 3:40 നാണ് വിമാനം റൺവേയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. തുടർന്ന് വിമാനം നിർദ്ദിഷ്ട പാർക്കിങ് ബേയിലേക്ക് മാറ്റി. സുരക്ഷാ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്ന് വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിച്ചതായി സിയാൽ വക്താവ് അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലും മറ്റ് വിമാന സർവീസുകൾ തടസ്സമില്ലാതെ സാധാരണ നിലയിൽ കൊണ്ടുപോകാൻ കഴിഞ്ഞതായും സിയാൽ വ്യക്തമാക്കി.

വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ എയർപോർട്ടിലെ വിദഗ്ദ്ധർ അടിയന്തരമായി പരിഹരിച്ച ശേഷം, രാവിലെ 7:15-ഓടെ വിമാനം യാത്രക്കാരുമായി കൊച്ചിയിൽ നിന്നും കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു.