പശ്ചിമേഷ്യയിലേക്ക് ഇന്ന് 48 സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും
എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ചേർന്ന് മാർച്ച് 19-ന് പശ്ചിമേഷ്യൻ മേഖലയിലേക്കും തിരിച്ചുമായി 48 വിമാന സർവീസുകൾ നടത്തും. ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്ക് പുറമെ യുഎഇയിലേക്കും സൗദിയിലേക്കുമായി പ്രത്യേക സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. മസ്‌കത്തിലേക്കും ജിദ്ദയിലേക്കും നിലവിലുള്ള ഷെഡ്യൂൾ പ്രകാരമുള്ള സർവീസുകൾ ഇരു വിമാനക്കമ്പനികളും ഇന്നും തുടരും. ഒമാനിലേക്ക് ഡൽഹി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്നായി ആറ് സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക. സൗദിയിലെ ജിദ്ദയിലേക്ക് ഇന്ത്യയുടെ വിവിധ നഗരങ്ങളിൽ നിന്ന് ആകെ 16 സർവീസുകൾ ഉണ്ടാകും. എയർ ഇന്ത്യ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരു, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുമാണ് ജിദ്ദയിലേക്ക് സർവീസ് നടത്തുന്നത്.
യുഎഇയിലെ അബൂദബി, റാസൽഖൈമ, ഷാർജ എന്നിവിടങ്ങളിലേക്കും സൗദിയിലെ റിയാദിലേക്കും സ്ലോട്ടുകളുടെ ലഭ്യത അനുസരിച്ച് 32 പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തും. കേരളത്തിലെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളെയും ഈ പ്രത്യേക സർവീസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുബായ്, കുവൈത്ത്, ബഹ്‌റൈൻ, ദോഹ, തെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ ഷെഡ്യൂൾഡ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ വടക്കേ അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സർവീസുകൾ റദ്ദാക്കിയ റൂട്ടുകളിൽ ബുക്ക് ചെയ്ത യാത്രക്കാർക്ക് അധിക നിരക്ക് ഈടാക്കാതെ ടിക്കറ്റുകൾ റീബുക്ക് ചെയ്യാനോ അല്ലെങ്കിൽ മുഴുവൻ തുകയും റീഫണ്ട് നേടാനോ അവസരമുണ്ട്. എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ airindia.com വഴി ഇതിനായുള്ള അഭ്യർത്ഥന നൽകാം. കൂടുതൽ വിവരങ്ങൾക്ക് +911169329333, +911169329999 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് +91 63600 12345 എന്ന വാട്ട്സ്ആപ്പ് നമ്പർ വഴിയും ഡിജിറ്റൽ അസിസ്റ്റന്റ് 'ടിയ'യുടെ സഹായത്തോടെ റീബുക്കിങ് നടത്താം. യാത്രക്കാർ തങ്ങളുടെ ഏറ്റവും പുതിയ മൊബൈൽ നമ്പർ എയർലൈൻ രേഖകളിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.
