എയർ ഇന്ത്യയും സൗദിയയും കൈകോർക്കുന്നു; യാത്രക്കാർക്ക് ഇനി സുഗമമായ യാത്രയും കൂടുതൽ റൂട്ടുകളും

  1. Home
  2. Global Malayali

എയർ ഇന്ത്യയും സൗദിയയും കൈകോർക്കുന്നു; യാത്രക്കാർക്ക് ഇനി സുഗമമായ യാത്രയും കൂടുതൽ റൂട്ടുകളും

air india saudia


ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയും സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ സൗദിയയും (Saudia) തമ്മിൽ പുതിയ കോഡ്‌ഷെയർ കരാറിൽ ഒപ്പുവെച്ചു. ഈ പങ്കാളിത്തത്തിലൂടെ യാത്രക്കാർക്ക് കൂടുതൽ കണക്ഷൻ ഫ്ലൈറ്റുകളും വിപുലമായ യാത്രാ റൂട്ടുകളും ലഭ്യമാകും. അന്തിമ ലക്ഷ്യസ്ഥാനം വരെ ബാഗേജ് നേരിട്ട് എത്തിക്കുന്ന ചെക്ക്-ത്രൂ സൗകര്യവും യാത്രക്കാർക്ക് ഈ കരാറിലൂടെ പ്രയോജനപ്പെടുത്താം. രണ്ടോ അതിലധികമോ എയർലൈനുകൾ തമ്മിലുള്ള വാണിജ്യ ധാരണയായ കോഡ്‌ഷെയറിംഗിലൂടെ ഒരു വിമാനക്കമ്പനിയുടെ ടിക്കറ്റുകൾ മറ്റൊരു കമ്പനിക്ക് സ്വന്തം ഫ്ലൈറ്റ് നമ്പറും കോഡും ഉപയോഗിച്ച് വിൽക്കാൻ സാധിക്കും. ഇത് വിമാനക്കമ്പനികൾക്ക് പുതിയ റൂട്ടുകൾ നേരിട്ട് തുടങ്ങാതെ തന്നെ കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ സഹായകമാകും.

യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഒറ്റ ടിക്കറ്റിൽ തന്നെ ഒന്നിലധികം എയർലൈനുകൾ ഉപയോഗിച്ച് യാത്ര ചെയ്യാം എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ബാഗേജ് ഓട്ടോമാറ്റിക്കായി കൈമാറ്റം ചെയ്യപ്പെടുന്നതിനാൽ കണക്ഷൻ ഫ്ലൈറ്റുകൾക്കായി വിമാനത്താവളങ്ങളിൽ അനാവശ്യമായ താമസം ഒഴിവാക്കാം. ടിക്കറ്റ് വിൽക്കുന്ന കമ്പനിയെ മാർക്കറ്റിംഗ് കാരിയർ എന്നും വിമാനം പറത്തുന്ന കമ്പനിയെ ഓപ്പറേറ്റിംഗ് കാരിയർ എന്നുമാണ് വിളിക്കുന്നത്. വിമാനം വൈകിയാലോ റദ്ദാക്കിയാലോ ഉള്ള പ്രാഥമിക ഉത്തരവാദിത്തം ഓപ്പറേറ്റിംഗ് കാരിയർക്കായിരിക്കും. ബോർഡിംഗ് പാസിൽ തന്നെ ഏത് വിമാനത്തിലാണ് യാത്രയെന്നത് വ്യക്തമായി രേഖപ്പെടുത്തിയിരിക്കും.

പുതിയ കരാർ പ്രകാരം സൗദിയ വഴി ടിക്കറ്റെടുക്കുന്നവർക്ക് മുംബൈ, ഡൽഹി എന്നിവടങ്ങളിലൂടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സാധിക്കും. കൊച്ചി ഉൾപ്പെടെ 15-ലധികം ഇന്ത്യൻ നഗരങ്ങളിലേക്ക് ഇന്റർലൈൻ സൗകര്യം ലഭ്യമാണ്. സമാനമായി ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ എയർ ഇന്ത്യ വിമാനത്തിലെത്തുന്നവർക്ക് സൗദിയയുടെ കണക്ഷൻ ഫ്ലൈറ്റുകൾ വഴി ദമ്മാം, അബഹ, ഖസീം, ജിസാൻ, മദീന, താഇഫ് തുടങ്ങിയ നഗരങ്ങളിലേക്ക് തടസ്സമില്ലാതെ യാത്ര തുടരാം. നിലവിൽ 25 കോഡ്ഷെയർ കരാറുകളുള്ള സൗദിയ ഇതിലൂടെ നൂറിലധികം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് യാത്രക്കാർക്ക് പ്രവേശനം നൽകുന്നത്.