ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക് സർവീസുകൾ റദ്ദാക്കുന്നത് തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ്

  1. Home
  2. Global Malayali

ബഹ്റൈനിൽ നിന്ന് കേരളത്തിലേക്ക് സർവീസുകൾ റദ്ദാക്കുന്നത് തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ്

air india express


മലയാളി പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കിക്കൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈനിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളും മുൻകരുതലുകളും ചൂണ്ടിക്കാട്ടിയാണ് കമ്പനി സർവീസുകൾ ഒഴിവാക്കുന്നത്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തിക്കുകയും ഇൻഡിഗോ, എയർ അറേബ്യ, ഗൾഫ് എയർ തുടങ്ങിയ വിമാനക്കമ്പനികൾ മുടക്കമില്ലാതെ സർവീസ് നടത്തുകയും ചെയ്യുമ്പോഴാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ നടപടി. ഏറ്റവും ഒടുവിലായി ആഗസ്റ്റ് ഏഴ് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്.

സർവീസുകൾ റദ്ദാക്കുന്നത് അവസാന നിമിഷങ്ങളിൽ മാത്രം അറിയുന്നത് മൂലം ചുരുങ്ങിയ ദിവസത്തെ അവധിക്ക് നാട്ടിൽ പോകാനിറങ്ങുന്നവരും വിസ കാലാവധി തീരാറായവരും കടുത്ത ദുരിതത്തിലാണ്. അവസാന നിമിഷം മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റുകൾ വൻ തുക നൽകി എടുക്കേണ്ടി വരുന്നത് പ്രവാസികൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നു.

ചിലർ ബംഗളൂരു വഴിയുള്ള കണക്റ്റിങ് വിമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് യാത്രാ സമയവും വർധിപ്പിക്കുന്നു. ടിക്കറ്റ് നിരക്കിലും സർവീസുകളുടെ എണ്ണത്തിലും മുന്നിൽ നിൽക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനഃസ്ഥാപിച്ച് അടുത്ത ആഴ്ച മുതലെങ്കിലും യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് പ്രവാസികളുടെ ആവശ്യം.