ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വൈകുന്നു; വിമാനത്തിൽ കുടുങ്ങി യാത്രക്കാർ
ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് (IX 540) വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ബുധനാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ സ്ത്രീകളും കുട്ടികളും രോഗികളും ഉൾപ്പെടെ 150-ഓളം യാത്രക്കാരാണുള്ളത്.
വിമാനം വൈകുന്നതിനെതിരെ യാത്രക്കാർ വിമാനത്തിനകത്ത് കടുത്ത പ്രതിഷേധം ഉയർത്തി. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട്ടിൽ പിതാവ് മരിച്ചതിനെത്തുടർന്ന് അവസാനമായി ഒരുനോക്ക് കാണാൻ തിടുക്കത്തിൽ പുറപ്പെട്ട യാത്രക്കാരനും വിമാനത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ ഉൾപ്പെടുന്നു. രണ്ട് വയസ്സുള്ള കുട്ടി മുതൽ ശാരീരിക അവശതകൾ നേരിടുന്ന മുതിർന്നവർ വരെ വിമാനത്തിലുണ്ടെന്നും ഇവർക്ക് കൃത്യസമയത്ത് ഭക്ഷണം പോലും ലഭ്യമാക്കിയില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു.
മോശം കാലാവസ്ഥയെത്തുടർന്ന് തിരുവനന്തപുരത്തുനിന്നും ദുബൈയിലേക്ക് എത്തേണ്ട വിമാനം റാസൽഖൈമയിലേക്ക് തിരിച്ചുവിട്ടതാണ് ഈ പ്രതിസന്ധിക്ക് കാരണമായതെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. വിമാനം വ്യാഴാഴ്ച (ഡിസംബർ 18) രാവിലെ മാത്രമേ പുറപ്പെടുകയുള്ളൂ എന്നാണ് ഏറ്റവും പുതിയ വിവരം.
