പുതിയ ഗൾഫ് സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്; ഗുവാഹത്തിയിൽ നിന്നും യു.എ.ഇയിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ ഓഗസ്റ്റ് മുതൽ

  1. Home
  2. Global Malayali

പുതിയ ഗൾഫ് സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്; ഗുവാഹത്തിയിൽ നിന്നും യു.എ.ഇയിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ ഓഗസ്റ്റ് മുതൽ

air india express


വടക്കുകിഴക്കൻ ഇന്ത്യയെ ഗൾഫ് മേഖലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ വിമാന കമ്പനിയാകാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്. അസമിലെ ഗുവാഹത്തിയിൽ നിന്ന് യു.എ.ഇയിലെ പ്രമുഖ നഗരങ്ങളായ ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കാണ് കമ്പനി നേരിട്ടുള്ള പുതിയ രാജ്യാന്തര സർവീസുകൾ പ്രഖ്യാപിച്ചത്.

ഗുവാഹത്തി - ദുബായ് സർവീസ് വരും ഓഗസ്റ്റ് നാലിനും ഗുവാഹത്തി - അബുദാബി സർവീസ് ഓഗസ്റ്റ് ഏഴിനും ആരംഭിക്കും. ഈ മേഖലയിൽ നിന്നുള്ള രാജ്യാന്തര യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആഗോളതലത്തിലുള്ള വ്യോമബന്ധം ശക്തമാക്കുന്നതിനും പുതിയ സർവീസുകൾ വലിയൊരു നാഴികക്കല്ലാകും. വടക്കുകിഴക്കൻ ഇന്ത്യയുടെ പ്രവേശന കവാടമായി കണക്കാക്കപ്പെടുന്ന ഗുവാഹത്തിയിൽ നിന്ന് നിലവിൽ ആഴ്ചയിൽ നൂറ്റിയിരുപതോളം ആഭ്യന്തര സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്. എന്നാൽ ഗുവാഹത്തിയിൽ നിന്നുള്ള കമ്പനിയുടെ ചരിത്രത്തിലെ ആദ്യ രാജ്യാന്തര സർവീസുകളാണ് ഇപ്പോൾ യു.എ.ഇയിലേക്ക് ആരംഭിക്കുന്നത്. പുതിയ റൂട്ടുകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ടൂറിസം, വ്യാപാരം, സാംസ്കാരിക കൈമാറ്റം എന്നിവയ്ക്ക് വലിയ രീതിയിൽ കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിമാന സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് എയർ ഇന്ത്യ എക്സ്പ്രസ് വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും മറ്റ് പ്രമുഖ ബുക്കിങ് ചാനലുകളിലും ഇതിനകം ആരംഭിച്ചിട്ടുണ്ട്.

അബുദാബിയും ദുബായും ഉൾപ്പടെ വടക്കുകിഴക്കൻ മേഖലയിലെ ദിബ്രുഗഡ്, ദിമാപൂർ, ഇംഫാൽ, ഗുവാഹത്തി എന്നീ നാല് സ്റ്റേഷനുകളിൽ നിന്നായി ആഴ്ചയിൽ 290-ലധികം സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്. വിമാന സർവീസുകൾക്ക് പുറമെ, തങ്ങളുടെ 'ടേൽസ് ഓഫ് ഇന്ത്യ' (Tales of India) എന്ന പദ്ധതിയിലൂടെ ഈ മേഖലയുടെ സാംസ്കാരിക പാരമ്പര്യവും വിമാനക്കമ്പനി ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുന്നുണ്ട്. അസമിന്റെ പ്രതീകങ്ങളായ ഗമോസ, ജാപ്പി എന്നിവയും മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്ര ഡിസൈനുകളും വിമാനങ്ങളുടെ വാലുകളിൽ (Tails) ആലേഖനം ചെയ്താണ് കമ്പനി ഈ പ്രദേശത്തിന്റെ തനത് സംസ്കാരം ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നത്. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ നൂറിലധികം വിമാനങ്ങളുമായി 43 ആഭ്യന്തര സർവീസുകളും 16 രാജ്യാന്തര സർവീസുകളുമാണ് നടത്തിവരുന്നത്.