ഒരു ഒമാനി റിയാലിൽ അഞ്ച് കിലോ അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്
പ്രവാസി യാത്രക്കാർക്ക് വലിയ ആശ്വാസമേകുന്ന പുതിയ ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഒമാനിൽ നിന്നുള്ള യാത്രക്കാർക്കായി കുറഞ്ഞ നിരക്കിൽ അധിക ബാഗേജ് കൊണ്ടുപോകാനുള്ള പ്രത്യേക ആനുകൂല്യമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് സാധാരണ അനുവദനീയമായ 30 കിലോ ബാഗേജിനൊപ്പം അഞ്ച് കിലോ അധിക ബാഗേജ് കൂടി കൊണ്ടുപോകാൻ വെറും ഒരു ഒമാനി റിയാൽ മാത്രം അധികമായി നൽകിയാൽ മതിയാകും.
വരാനിരിക്കുന്ന അവധിക്കാലത്തെ യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ പുതിയ സ്കീം. ജൂലൈ 15 മുതൽ ഒക്ടോബർ 15 വരെയുള്ള കാലയളവിലെ യാത്രകൾക്കായി ജൂലൈ 15-നകം നടത്തുന്ന ബുക്കിങ്ങുകൾക്കാണ് ഈ ഓഫർ ലഭ്യമാകുകയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കി. സാധാരണയായി അധിക ബാഗേജിന് വലിയ തുക ഈടാക്കുന്ന സ്ഥാനത്ത്, ഒരു റിയാൽ മാത്രം ഈടാക്കാനുള്ള എയർലൈനിന്റെ തീരുമാനം പ്രവാസികൾക്ക് നാട്ടിലേക്ക് കൂടുതൽ സാധനങ്ങൾ കൊണ്ടുപോകാൻ സഹായിക്കും.
