സലാലയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസ് പുനരാരംഭിച്ച്‌ എയർ ഇന്ത്യ എക്സ്പ്രസ്‌; പ്രവാസികൾക്ക് ആശ്വാസം

  1. Home
  2. Global Malayali

സലാലയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസ് പുനരാരംഭിച്ച്‌ എയർ ഇന്ത്യ എക്സ്പ്രസ്‌; പ്രവാസികൾക്ക് ആശ്വാസം

air india express


ഒമാനിലെ സലാലയിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്‌ വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നു. പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ സർവീസിലേക്ക് ആഗസ്റ്റ്‌ രണ്ട്‌ മുതലുള്ള ബുക്കിംഗ്‌ ആരംഭിച്ചതായി എയർലൈൻ അധികൃതർ വ്യക്തമാക്കി.

പുതിയ സമയക്രമം അനുസരിച്ച് വ്യാഴം, ഞായർ ദിവസങ്ങളിലാണ് സലാല - കൊച്ചി സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ രാവിലെ 10.05 ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം ഉച്ചയ്ക്ക് 12.35 ന് സലാലയിലെത്തും. തിരികെ ഉച്ചയ്ക്ക് 1.35 ന് സലാലയിൽ നിന്ന് തിരിക്കുന്ന വിമാനം ഇന്ത്യൻ സമയം രാത്രി 7.25 നാണ് കൊച്ചിയിലെത്തുക. കോഴിക്കോട്ടേക്കുള്ള രണ്ട് പ്രതിവാര സർവീസുകൾ ജൂലൈ മാസം മുതൽ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലേക്കും സർവീസ് നീട്ടിയത്.

സലാലയിലെ പ്രവാസി കൂട്ടായ്‌മകളുടെ പൊതുവേദിയായ ലീഡേഴ്സ്‌ ഫോറം മുൻകൈയ്യെടുത്ത്‌ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒമാൻ കൺട്രി ഹെഡ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകുകയും നിരന്തരം ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഈ ശ്രമങ്ങളുടെ ഫലമായാണ് സർവീസ് പുനരാരംഭിക്കാനുള്ള അന്തിമ തീരുമാനമുണ്ടായത്.

സലാലയിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക്‌ ഏറെ ആശ്വാസകരമായ തീരുമാനങ്ങൾ കൈക്കൊണ്ട എയർ ഇന്ത്യ എക്സ്പ്രസ്‌ മാനേജ്‌മെന്റിന് കോൺസുലാർ ഏജന്റ്‌ ഡോ. കെ. സനാതനൻ നന്ദി അറിയിച്ചു. മിതമായ നിരക്കിൽ പുനരാരംഭിച്ചിട്ടുള്ള സലാല - കൊച്ചി, സലാല - കോഴിക്കോട്‌ സർവ്വീസുകൾ മേഖലയിലെ പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ലീഡേഴ്സ്‌ ഫോറം കോർഡിനേറ്റർ റസൽ മുഹമ്മദ്‌ അഭ്യർത്ഥിച്ചു.