ഗൾഫിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദിവസം 40-ലധികം വിമാനങ്ങൾ
ഗൾഫ് പ്രവാസികൾക്ക് ആശ്വാസമായി കേരളമുൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഗൾഫ് മേഖലകളിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചു. ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വീണ്ടും പറന്നുതുടങ്ങിയത്. ഏപ്രിൽ 30 മുതലാണ് ഈ സർവീസുകൾ പുനഃസ്ഥാപിച്ചത്.
കേരളത്തിലെ നാല് പ്രധാന വിമാനത്താവളങ്ങൾക്ക് പുറമെ അമൃത്സർ, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജയ്പുർ, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളിൽനിന്നും സർവീസുകൾ ലഭ്യമാണ്. ദുബായ്, അബുദാബി, റാസൽ ഖൈമ, ഷാർജ, അൽ ഐൻ, മസ്‌ക്കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്റൈൻ, ദോഹ, കുവൈറ്റ് എന്നീ വിദേശ നഗരങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തുന്നത്.
സ്കൂൾ അവധിക്കാലം ആരംഭിക്കാനിരിക്കെ, കുടുംബത്തോടൊപ്പം യാത്ര പ്ലാൻ ചെയ്യുന്ന പ്രവാസികൾക്ക് സർവീസുകൾ പുനരാരംഭിച്ചത് വലിയ ഗുണകരമാകും. ദിവസം 40-ലധികം സർവീസുകൾ നടത്തുന്നതിലൂടെ ഗൾഫ് മേഖലയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
