ബഹ്റൈൻ-കേരള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആഗസ്റ്റ് രണ്ട് വരെ റദ്ദാക്കി
മേഖലയിലെ അനിശ്ചിതാവസ്ഥയെ തുടർന്ന് ബഹ്റൈനിൽ നിന്നും കേരളത്തിലേക്കുള്ള വിമാന സർവീസുകൾ ആഗസ്റ്റ് രണ്ട് വരെ റദ്ദാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. നേരത്തെ ജൂലൈ 31 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിരുന്നത്. അവധിക്കാലത്ത് സർവീസുകൾ പെട്ടെന്ന് നിർത്തിവെച്ചത് നാട്ടിലേക്ക് പോകാനും തിരികെ വരാനും ടിക്കറ്റ് എടുത്ത നിരവധി പ്രവാസികളെ ദുരിതത്തിലാക്കി.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ വൻ തുക നൽകി മറ്റ് എയർലൈനുകളിൽ ടിക്കറ്റെടുക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.
സർവീസ് റദ്ദാക്കപ്പെട്ടവർക്ക് ടിക്കറ്റ് തുക പൂർണമായും റീഫണ്ട് നൽകാനും, അല്ലെങ്കിൽ അധിക തുകയില്ലാതെ ഏഴ് ദിവസത്തിനകമുള്ള മറ്റ് തീയതികളിലേക്ക് യാത്ര മാറ്റാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ട്രാവൽ ഏജന്റുമാർ അറിയിച്ചു.
