സലാലയിൽ നിന്ന് കേരളത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ പുനഃസ്ഥാപിച്ചു; പ്രവാസികൾക്ക് ആശ്വാസം
രണ്ട് മാസത്തോളമായി നിർത്തിവെച്ചിരുന്ന സലാലയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ മാർച്ച് ഒന്ന് മുതൽ പുനഃസ്ഥാപിച്ചു. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ആഴ്ചയിൽ രണ്ട് സർവീസുകൾ വീതമാണ് പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, പുതുക്കിയ ഷെഡ്യൂളിലും കണ്ണൂർ, തിരുവനന്തപുരം സെക്ടറുകളിലേക്ക് സർവീസുകളില്ല.
മാർച്ച് ഒന്ന് മുതൽ കൊച്ചിയിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിലായിരിക്കും വിമാനങ്ങൾ സർവീസ് നടത്തുക. രാവിലെ 9.50-ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 1.25-ന് സലാലയിൽ നിന്ന് തിരിക്കും. കോഴിക്കോട് സർവീസുകൾ മാർച്ച് മൂന്ന് മുതൽ ആരംഭിക്കും. രാവിലെ 10.50-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20-ന് സലാലയിൽ നിന്ന് മടങ്ങുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സർവീസുകൾ പുനരാരംഭിക്കുന്ന ഘട്ടത്തിൽ 50 ഒമാനി റിയാലിനടുത്താണ് ടിക്കറ്റ് നിരക്ക്.
നേരിട്ടുള്ള ഏക വിമാന സർവീസ് റദ്ദാക്കിയത് സലാലയിലെ പ്രവാസി മലയാളികളെ വലിയ ദുരിതത്തിലാക്കിയിരുന്നു. ഇതിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും മുഖ്യമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചതിൽ ആശ്വാസമുണ്ടെന്നും കണ്ണൂരിലേക്ക് ആഴ്ചയിൽ ഒരു സർവീസെങ്കിലും അനുവദിക്കണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും ലോക കേരളസഭാംഗം പവിത്രൻ കാരായി പറഞ്ഞു.
