എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും ഉണ്ടാവില്ല
പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും നീട്ടി. ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തിങ്കളാഴ്ച (മാർച്ച് രണ്ട്) ഇന്ത്യൻ സമയം രാത്രി 11.59 വരെ ഉണ്ടായിരിക്കില്ലെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. യുദ്ധസാഹചര്യത്തിൽ വ്യോമപാതകൾ അടച്ചതും സുരക്ഷാ ഭീഷണിയുമാണ് സർവീസുകൾ തടസ്സപ്പെടാൻ കാരണം.
യാത്രക്കാരുടെ സൗകര്യാർത്ഥം റീ-ഷെഡ്യൂളിങ്ങിനും റീഫണ്ടിനും പ്രത്യേക ഇളവുകൾ എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 28 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും മാർച്ച് അഞ്ച് വരെ യാത്ര നിശ്ചയിച്ചിരുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും. അധിക നിരക്കുകൾ ഇല്ലാതെ തന്നെ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റാനോ, ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ വാങ്ങാനോ യാത്രക്കാർക്ക് സാധിക്കും.
സർവീസുകളിലെ മാറ്റങ്ങൾ യാത്രക്കാരെ നേരിട്ട് അറിയിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് അറിയുന്നതിനായി airindiaexpress.com സന്ദർശിക്കണം. ബുക്കിങ്ങുകളിൽ മാറ്റം വരുത്തുന്നതിനായി വെബ്സൈറ്റിലെ 'Manage Booking' സൗകര്യമോ അല്ലെങ്കിൽ വാട്ട്‌സ്ആപ്പിൽ (+91 63600 12345) ‘Tia’ എന്ന AI അസിസ്റ്റൻറുമായോ ബന്ധപ്പെടാവുന്നതാണ്. നിലവിലെ പ്രതിസന്ധിയിൽ യാത്രക്കാർ കാണിക്കുന്ന സഹകരണത്തിന് എയർലൈൻ നന്ദി അറിയിച്ചു.
