ഇന്ത്യ-മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്
ഇന്ത്യയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. 2026-ലെ ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിലേക്ക് പ്രതിദിനം 135 സർവീസുകൾ വരെയാണ് എയർലൈൻ നടത്തുന്നത്. കൊച്ചി, കോഴിക്കോട്, ബെംഗളൂരു, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്നാണ് വിമാനങ്ങളുടെ എണ്ണം കൂട്ടുന്നത്.
ദുബായ്, അബുദാബി, ഷാർജ, ദമാം, ജിദ്ദ, റിയാദ്, ദോഹ, മസ്കറ്റ്, കുവൈറ്റ് സിറ്റി, അൽ ഐൻ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേക്കാണ് അധിക സർവീസുകൾ ലഭ്യമാക്കുക. ഇന്ത്യയിലെ 23 നഗരങ്ങളെ മിഡിൽ ഈസ്റ്റിലെ 12 പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ ക്രമീകരണം. പുതിയ സീസണിൽ ആധുനിക സൗകര്യങ്ങളുള്ള വിമാനങ്ങളാണ് മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ സർവീസ് നടത്തുക. 2027 മാർച്ച് 27 വരെയാണ് വിന്റർ ഷെഡ്യൂൾ നിലവിലുണ്ടാവുക.
