വിമാനയാത്ര ഇനി ചെലവേറും; ഇന്ധനസർച്ചാർജ് കുത്തനെ കൂട്ടി ഇൻഡിഗോ
വിമാന ഇന്ധനവില വർധിച്ചതിനെത്തുടർന്ന് യാത്രാനിരക്കുകളിൽ വൻ വർധനവ് പ്രഖ്യാപിച്ച് പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധനസർച്ചാർജാണ് (Fuel Surcharge) കമ്പനി വർധിപ്പിച്ചത്. പുതിയ നിരക്കുകൾ ഏപ്രിൽ 2 വ്യാഴാഴ്ച പുലർച്ചെ ഒരു മണി മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇൻഡിഗോ അറിയിച്ചു.
ആഭ്യന്തര സർവീസുകളിൽ ദൂരത്തിനനുസരിച്ച് 275 രൂപ മുതൽ 950 രൂപ വരെയാണ് സർച്ചാർജ് വർധിപ്പിച്ചത്. അന്താരാഷ്ട്ര സർവീസുകളിൽ ഇത് 900 രൂപ മുതൽ 10,000 രൂപ വരെയായി ഉയരും. വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. വിമാന ഇന്ധനമായ എടിഎഫിന് (ATF) ബുധനാഴ്ച രാജ്യത്ത് 25 ശതമാനത്തോളം വില വർധിച്ചിരുന്നു. ഈ അധിക ബാധ്യത മറികടക്കാനാണ് കമ്പനിയുടെ പുതിയ നീക്കം.
പുതുക്കിയ നിരക്കുകൾ ഇങ്ങനെ
ആഭ്യന്തര സർവീസുകളിൽ 500 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് 275 രൂപയാണ് പുതിയ സർച്ചാർജ്. 2000 കിലോമീറ്ററിന് മുകളിലുള്ള ദൂരത്തിന് 950 രൂപ അധികം നൽകണം. അന്താരാഷ്ട്ര റൂട്ടുകളിൽ യുകെ, യൂറോപ്യൻ രാജ്യങ്ങൾ (ഗ്രീസ്, തുർക്കി ഒഴികെ) എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്കാണ് ഏറ്റവും ഉയർന്ന നിരക്ക് വർധനവ് ബാധകമാകുക. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരെയും ഈ നിരക്ക് വർധനവ് ബാധിച്ചേക്കാം.
ഇൻഡിഗോയ്ക്ക് പിന്നാലെ മറ്റ് വിമാനക്കമ്പനികളും വരും ദിവസങ്ങളിൽ സമാനമായ രീതിയിൽ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. വേനൽ അവധിക്കാലം ആരംഭിക്കാനിരിക്കെ വിമാനയാത്രക്കാർക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും.
