പുതുമോടിയിൽ അൽ വർഖ 1 സ്ട്രീറ്റ്; 7 കിലോമീറ്റർ നവീകരണം പൂർത്തിയായി
അൽ വർഖ 1 സ്ട്രീറ്റിലെ നവീകരണ പ്രവൃത്തികൾ പൂർത്തിയായി. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്നു റാസൽ അൽ ഖോറിർ ദിശയിലേക്കുള്ള 7 കിലോമീറ്ററിലാണു നവീകരണം നടന്നത്. 4 റൗണ്ട് എബൗട്ടുകളെ സിഗ്നൽ ജംക്‌ഷനുകളാക്കി. ഇതോടെ ഇവിടത്തെ ഗതാഗതം കൂടുതൽ സുഗമമായി.വാഹനങ്ങളുടെ ഒഴുക്കിൽ 30 ശതമാനം വരെ പുരോഗതിയുണ്ടായി. മഴവെള്ളം ഒഴുകി പോകാൻ 6.6 കിലോമീറ്റർ നീളത്തിൽ അഴുക്കുചാൽ നിർമിച്ചു. 324 തെരുവ് വിളക്കുകളും പുതിയതായി സ്ഥാപിച്ചു. റോഡിന്റെ വശങ്ങളിലായി പുതിയ 111 പാർക്കിങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. 41,000 ചതുരശ്ര മീറ്ററിൽ നടപ്പാതയുടെ നിർമാണവും പൂർത്തിയായതായി ആർടിഎ അറിയിച്ചു.
അൽ വർഖ 3, 4 സ്ട്രീറ്റുകളിലെ ഇടറോഡുകളുടെ വികസന പ്രവൃത്തികൾ ആരംഭിച്ചതായി റോഡ്സ് ഏജൻസി ഡയറക്ടർ ഹമദ് അൽ സേഹി പറഞ്ഞു. ഇവിടെ റോഡിന്റെ ഉപരിതലം ടാർ ചെയ്യുന്നതിനൊപ്പം നടപ്പാതയും പാർക്കിങ് സ്ഥലവും സൈക്ലിങ് ട്രാക്കും നിർമിക്കും. സമീപ പ്രദേശങ്ങളുമായി സൈക്ലിങ് ട്രാക്ക് ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
മെട്രോ ബ്ലൂ ലൈൻ നിർമാണവുമായി ബന്ധപ്പെട്ട് മിർദിഫ്, അൽ വർഖ മേഖലയിലെ ജനങ്ങളുമായി ആർടിഎ പ്രതിനിധികൾ നടത്തിയ ചർച്ചയിൽ ഉയർന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള നവീകരണ പ്രവൃത്തികളാണ് ഈ മേഖലയിൽ നടപ്പാക്കുന്നത്.
