മസ്‌കത്തിൽ പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ഒമാനിലെ അൽ ഹൈലിൽ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിയായ രതീഷ് (43) ആണ് മരിച്ചത്. കഴിഞ്ഞ 15 വർഷമായി ഒമാനിൽ പ്രവാസിയായ ഇദ്ദേഹത്തെ വെള്ളിയാഴ്ചയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവസ്ഥലത്തെത്തിയ റോയൽ ഒമാൻ പൊലീസ് ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. മസ്‌കത്ത് കെ.എം.സി.സി കെയർ വിങ്ങിന്റെ സഹകരണത്തോടെ മരണാനന്തര നടപടികൾ വേഗത്തിൽ പൂർത്തിയാക്കിവരികയാണ്.
സജിത സുകുമാരനാണ് പരേതന്റെ ഭാര്യ. നിരഞ്ജൻ ആർ. പിളള, നീരജ് ആർ. പിളള എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ബന്ധുക്കളുടെയും പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.
