സായിദ് ഹ്യൂമൻ ഫ്രറ്റേണിറ്റി അവാർഡ് 2027 ലേക്ക് അപേക്ഷകൾ ക്ഷണിച്ചു
മാനവികതയുടെയും സമാധാനത്തിന്റെയും പാതയിൽ നിസ്തുലമായ സേവനം കാഴ്ചവയ്ക്കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ സായിദ് ഹ്യൂമൻ ഫ്രറ്റേണിറ്റി അവാർഡിന്റെ 2027-ലെ എഡിഷനിലേക്കുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. 10 ലക്ഷം ഡോളർ (ഏകദേശം എട്ട് കോടിയിലേറെ രൂപ) പുരസ്കാര തുകയുള്ള ഈ രാജ്യാന്തര ബഹുമതിക്കായി ഇന്നുമുതൽ അപേക്ഷകൾ സമർപ്പിക്കാം. 2019-ൽ അബുദാബിയിൽ ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ തയ്യിബും ചേർന്ന് ഒപ്പുവച്ച ചരിത്രപരമായ മാനവ സാഹോദര്യ രേഖയിൽ നിന്നാണ് ഈ പുരസ്കാരം പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
യുഎഇയുടെ രാഷ്ട്ര പിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മാനുഷിക മൂല്യങ്ങളും എല്ലാവരെയും ഒരുപോലെ കാണുന്ന കാരുണ്യ പ്രവൃത്തികളും ലോകസമക്ഷം ഉയർത്തിപ്പിടിക്കാനാണ് ഈ അവാർഡ് ലക്ഷ്യമിടുന്നത്. മതം, ലിംഗം, വർണം, രാജ്യം എന്നിവയ്ക്ക് അതീതമായി സമാധാനപൂർണമായ സഹവർത്തിത്വത്തിനായി പ്രയത്നിക്കുന്നവരെയാണ് പുരസ്കാരത്തിനായി പരിഗണിക്കുക. ലോകം ഭിന്നതകളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ടത് മാനവ ചരിത്രത്തിൽ എന്നത്തേക്കാളും പ്രധാനമാണെന്ന് അവാർഡ് സെക്രട്ടറി ജനറൽ ജഡ്ജി മുഹമ്മദ് അബ്ദുൽസലാം പറഞ്ഞു.
2026-ലെ അവാർഡുകൾ അസർബൈജാൻ-അർമേനിയ സമാധാന കരാർ, പലസ്തീൻ മാനുഷിക സംഘടനയായ താവൂൺ, അഫ്ഗാൻ വനിതാ അവകാശ പ്രവർത്തക സർഖ യാഫ്താലി എന്നിവർക്ക് അബുദാബിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 2019 മുതൽ ആരോഗ്യ, വിദ്യാഭ്യാസ, സുസ്ഥിര വികസന മേഖലകളിലും അഭയാർഥി സേവനങ്ങളിലും മാതൃകാപരമായ പ്രവർത്തനം നടത്തിയ 20 രാജ്യങ്ങളിൽ നിന്നുള്ള 20 വ്യക്തികളെയും സ്ഥാപനങ്ങളെയും ഈ പുരസ്കാരം ആദരിച്ചിട്ടുണ്ട്.
താൽപര്യമുള്ളവർക്ക് സായിദ് ഹ്യൂമൻ ഫ്രറ്റേണിറ്റി അവാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://zayedaward.org വഴി 2026 ഒക്ടോബർ ഒന്നു വരെ നാമനിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. ലോകത്തെങ്ങുമുള്ള സമൂഹങ്ങളിൽ സുസ്ഥിരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന നൂതനമായ പദ്ധതികളെയും വ്യക്തികളെയും ഈ വർഷവും പുരസ്കാരം കാത്തിരിക്കുന്നു.
