അറബ് കപ്പ്: ഖത്തറും തുനീഷ്യയും ഒരേ ഗ്രൂപ്പിൽ

  1. Home
  2. Global Malayali

അറബ് കപ്പ്: ഖത്തറും തുനീഷ്യയും ഒരേ ഗ്രൂപ്പിൽ

.


ഫിഫ അറബ് കപ്പ് ഫുട്ബാൾ ഗ്രൂപ് റൗണ്ടിൽ ഖത്തറിന് കുരുത്തരായ എതിരാളികൾ. ആതിഥേയരെന്ന നിലയിൽ ഗ്രൂപ് 'എ'യിൽ ഇടം നേടിയ ഖത്തറിനൊപ്പം, തുനീഷ്യയും പ്ലേ ഓഫ് വഴിയെത്തുന്ന രണ്ട് ടീമുകളുമാകും പന്തുതട്ടുന്നത്. ഡിസംബർ ഒന്നിന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഖത്തർ- ഫലസ്തീൻ മത്സരത്തിനാവും സാധ്യത. നിലവിലെ ഫിക്‌സ്ചർ പ്രകാരം യോഗ്യതാ റൗണ്ടിലെ ഫലസ്തീൻ -ലിബിയ മത്സരത്തിലെ വിജയികളാകും ഉദ്ഘാടന മത്സരത്തിൽ ഖത്തറിന്റെ എതിരാളികൾ.

നവംബർ അവസാന വാരത്തിലാണ് യോഗ്യതാ റൗണ്ട് മത്സരങ്ങൾ. സിറിയ-സൗത് സുഡാൻ മത്സരത്തിലെ വിജയികളാകും ഗ്രൂപ് 'എ'യിലെ മറ്റൊരു ടീം. അറേബ്യൻ കരുത്തരായ മൊറോക്കോ, സൗദി അറേബ്യ ടീമുകൾ ഗ്രൂപ് 'ബി'യിൽ ഇടംനേടി. ഈജിപ്ത്, ജോർഡൻ, യു.എ.ഇ ടീമുകൾ അണിനിരക്കുന്ന 'ഗ്രൂപ് സി' ആയിരിക്കും ടൂർണമെന്റിന്റെ മരണ ഗ്രൂപ്. അൽജീരിയ, ഇറാഖ് ടീമുകൾ ഗ്രൂപ് 'ഡി'യിൽ മത്സരിക്കും.

ഞായറാഴ്ച രാത്രിയിൽ ലുസൈലിലെ റാഫിൾസ് ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. ഖത്തർ ദേശീയ ടീം മുൻ ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസ്, മുൻ അൽജീരിയൻ താരം റാബഹ് മജർ, മുൻ സൗദി താരം യാസർ അൽ ഖഹ്താനി എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി. അറബ് കപ്പ് പ്ലേ ഓഫ് മത്സരങ്ങൾ: ഒമാൻ x സോമാലിയ, ബഹ്‌റൈൻ x ജിബൂട്ടി, സിറിയ x സൗത് സുഡാൻ, ഫലസ്തീൻ x ലിബിയ, ലെബനാൻ x സുഡാൻ, കുവൈത്ത് x മൗറിതാനിയ, യെമൻ x കോമൊറോസ്.