കുവൈത്തിന് നേരെ വീണ്ടും ആക്രമണം, ഡ്രോണുകൾ തകർത്ത് സായുധ സേന
കുവൈത്തിന് നേരെ ഇറാന്‍റെ ആക്രമണം. ഡ്രോണുകളെ കുവൈത്ത് വ്യോമപ്രതിരോധ സേന തകർത്തതായി സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. അതോടൊപ്പം രാജ്യത്തെ സുപ്രധാന സൈനിക, സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയുമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും യു എൻ രക്ഷാസമിതിയുടെ 2817-ാം നമ്പർ പ്രമേയത്തിന്റെയും ഗുരുതരമായ ലംഘനമാണെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി.
തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ശത്രുതാപരമായ നീക്കങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന പ്രകോപനപരമായ ഇത്തരം നടപടികളിൽ നിന്നും ഇറാൻ പിന്തിരിയണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഉറപ്പുവരുത്തുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി ആവശ്യമായ എല്ലാ ശക്തമായ നടപടികളും സ്വീകരിക്കാൻ കുവൈത്തിന് പൂർണ്ണ അവകാശമുണ്ടെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.
