യുഎഇയിലെ ഈ മലനിരകളിൽ ബാർബിക്യൂവിന് വിലക്ക്
യുഎഇയിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവ്വതമായ (4,068 അടി) ജബൽ ഹഫീത് മലനിരകളിൽ ബാർബിക്യൂ പാചകത്തിനു വിലക്ക്. പ്രധാനമായും പാർക്കിങ് ഏരിയകളിലാണ് നിയന്ത്രണം. ബാർബിക്യു പാചകം വിലക്കിക്കൊണ്ടുള്ള ബോർഡും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചു. പൊതുമുതൽ നശിപ്പിക്കുന്നതു തടയാനും പരിസ്ഥിതി ശുചിത്വം ഉറപ്പാക്കാനുമാണ് നടപടി.
നേരത്തെ സന്ദർശകർ മരക്കസേരകൾ കത്തിക്കുകയും കരിയും മറ്റ് മാലിന്യങ്ങളും പാർക്കിങ് ഏരിയകളിൽ നിക്ഷേപിക്കുകയും ചെയ്തത് വലിയ നാശമുണ്ടാക്കുകയും പരിസ്ഥിതി മലിനീകരണമുണ്ടാക്കുകയും ചെയ്തിരുന്നു. ജബൽ ഹഫീത് മലമുകളിൽ നിരോധനമുണ്ടെങ്കിലും സമീപത്തെ ഗ്രീൻ മുബസ്സറ, അൽ സുലൈമി പാർക്ക് എന്നിവിടങ്ങളിലെ നിശ്ചിത ഇടങ്ങളിൽ ബാർബിക്യൂ ചെയ്യാൻ അനുമതിയുണ്ട്. സന്ദർശകർ നിയമങ്ങൾ പാലിക്കണമെന്നും മാലിന്യങ്ങൾ നിശ്ചിത ഇടങ്ങളിൽ മാത്രം നിക്ഷേപിക്കണമെന്നും അൽഐൻ മുനിസിപ്പാലിറ്റി അഭ്യർഥിച്ചു. നിയമം ലംഘിക്കുന്നവരിൽനിന്ന് 4,000 ദിർഹം വരെ പിഴ ഈടാക്കും.
