വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിലെ കുട്ടികളുടെ മൃതദേഹങ്ങൾ ഇന്ന് ദുബായിൽ കബറടക്കും
അബുദാബി - ദുബായ് റോഡിൽ ഗന്തൂത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിലെ കുട്ടികളുടെ മൃതദേഹങ്ങൾ ഇന്ന് (തിങ്കളാഴ്ച) ദുബായിൽ കബറടക്കും. അതേസമയം, അപകടത്തിൽ മരിച്ച ബുഷ്റയുടെ മൃതദേഹം ഇന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായും ബന്ധുക്കൾ പറഞ്ഞു.. മൃതദേഹങ്ങൾ ഇന്ന് ഉച്ചയ്ക്ക് ശേഷം മുഹൈസിനയിലെ (സോണാപൂർ) ദുബായ് മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാം ചെയ്യും. തുടർന്ന് മയ്യിത്ത് നമസ്കാരവും നടക്കും.തിരൂർ തൃപ്പനച്ചി കിഴശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും റുക്സാന അബ്ദുൽ റസാഖിന്റെയും മക്കളായ അഷാസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്റ (48)യുമാണ് ഇന്നലെ (ഞായറാഴ്ച) പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. ഗുരുതര പരുക്കേറ്റ അബ്ദുൽ ലത്തീഫും റുക്സാനയും മക്കളായ ഇസ്സ, അസാം എന്നിവരും അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽ ലത്തീഫും കുടുംബവും ലിവ ഫെസ്റ്റിവൽ സന്ദർശിച്ചശേഷം മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം. ബിസിനസ് ആവശ്യാർഥം ലണ്ടനിലായിരുന്ന റുക്സാനയുടെ സഹോദരൻ ദുബായിൽ തിരിച്ചെത്തിയിട്ടുണ്ട്. പരുക്കേറ്റ അബ്ദുൽ ലത്തീഫ്, റുക്സാന, ഇസ്സ, അസാം എന്നിവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു.
