കേരളത്തെ മികച്ച നിക്ഷേപ സൗഹൃദമാക്കാൻ വേഗത നൽകുന്ന ബജറ്റ്: എം.എ. യൂസഫലി

  1. Home
  2. Global Malayali

കേരളത്തെ മികച്ച നിക്ഷേപ സൗഹൃദമാക്കാൻ വേഗത നൽകുന്ന ബജറ്റ്: എം.എ. യൂസഫലി

yusuf ali


കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന് വേഗത നൽകുന്നതാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങളെന്ന് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ആദ്യ ബജറ്റ് കേരളത്തിന്റെ വികസന മുന്നേറ്റത്തിന്‌ ഊർജ്ജം ഏകുന്നതാണെന്നും യുവ സംരംഭകർക്ക് ഉൾപ്പെടെ വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇൻവെസ്റ്റ് കേരള സെൽ, നിക്ഷേപാനന്തര പിന്തുണ ഉറപ്പാക്കുന്ന ഏകജാലക സംവിധാനം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോടെയുള്ള പ്രത്യേക സാമ്പത്തിക മേഖലയായ 'സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് സോൺ' എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട് പോലുള്ള പ്രഖ്യാപനങ്ങൾ പ്രവാസികൾക്കും നിക്ഷേപകർക്കും മികച്ച പിന്തുണ നൽകും. കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷൻ-ലോജിസ്റ്റിക്സ് ഹബ്ബ് ആക്കാനുള്ള തീരുമാനം വലിയ നിക്ഷേപങ്ങൾക്ക് വഴി തുറക്കുമെന്നും ചെറുകിട സംരംഭകർക്കും കാർഷിക മേഖലയ്ക്കും ഇത് ഉണർവേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൺ കേരള കരുതൽ പദ്ധതി, ഇൻഷുറൻസ് പദ്ധതി ഉൾപ്പെടെയുള്ള ജനക്ഷേമത്തിലധിഷ്ഠിതമായ പദ്ധതികളിലൂടെ ജനങ്ങളെ ചേർത്തുപിടിക്കുന്ന ദീർഘവീക്ഷണത്തോടെയുള്ള സമീപനമാണ് ബജറ്റ് മുന്നോട്ടുവെക്കുന്നതെന്നും എം.എ. യൂസഫലി വ്യക്തമാക്കി.