ഗൾഫിലെ സിബിഎസ്ഇ 10-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രത്യേക മൂല്യനിർണ്ണയം; മാനദണ്ഡങ്ങൾ പുറത്തിറക്കി

  1. Home
  2. Global Malayali

ഗൾഫിലെ സിബിഎസ്ഇ 10-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് പ്രത്യേക മൂല്യനിർണ്ണയം; മാനദണ്ഡങ്ങൾ പുറത്തിറക്കി

cbse exam time table


പശ്ചിമേഷ്യയിലെ നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഗൾഫ് മേഖലയിൽ റദ്ദാക്കിയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾക്ക് പകരം പ്രത്യേക മൂല്യനിർണ്ണയ രീതി പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾ ഇതിനകം എഴുതിയ പരീക്ഷകളുടെ മാർക്ക് അടിസ്ഥാനമാക്കിയാകും മറ്റ് വിഷയങ്ങളിലെ ഫലം നിശ്ചയിക്കുക. ഒമാൻ, ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് 2026 മാർച്ച് 5-നാണ് പരീക്ഷകൾ ബോർഡ് റദ്ദാക്കിയത്.

ഫെബ്രുവരി 17 മുതൽ 28 വരെ നടന്ന പരീക്ഷകൾ വിജയകരമായി പൂർത്തിയായതായി സിബിഎസ്ഇ സ്ഥിരീകരിച്ചു. ഈ കാലയളവിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, സയൻസ് തുടങ്ങി പ്രധാനപ്പെട്ട 44 പേപ്പറുകളിലാണ് പരീക്ഷ നടന്നത്. വിദ്യാർത്ഥികൾ എഴുതിയ പരീക്ഷകളുടെ എണ്ണം കണക്കിലെടുത്ത് നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മാർക്ക് നിശ്ചയിക്കുന്നത്. എല്ലാ പരീക്ഷകളും എഴുതിയവർക്ക് അവരുടെ യഥാർത്ഥ മാർക്കിന്റെ അടിസ്ഥാനത്തിൽ ഫലം ലഭിക്കും. നാല് പരീക്ഷകൾ പൂർത്തിയാക്കിയവർക്ക്, അതിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച മികച്ച മൂന്ന് വിഷയങ്ങളുടെ ശരാശരിയാകും ബാക്കിയുള്ള വിഷയങ്ങൾക്ക് നൽകുക.

മൂന്ന് പരീക്ഷകൾ മാത്രം എഴുതിയവർക്ക് മികച്ച രണ്ട് വിഷയങ്ങളുടെ ശരാശരിയും, രണ്ട് പരീക്ഷകൾ മാത്രം എഴുതിയവർക്ക് ആ രണ്ട് പേപ്പറുകളുടെ ശരാശരി മാർക്കും മറ്റ് വിഷയങ്ങൾക്കായി കണക്കാക്കും. യുദ്ധസമാനമായ സാഹചര്യം മൂലം വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് തടസ്സമുണ്ടാകാതിരിക്കാനും മൂല്യനിർണ്ണയത്തിൽ സുതാര്യത ഉറപ്പാക്കാനുമാണ് ഈ പദ്ധതിയെന്ന് സിബിഎസ്ഇ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തി മലയാളി സംഘടനകൾ ഉൾപ്പെടെ കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ തീരുമാനം ഗൾഫിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമാകും.