കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കരുത്; കടുത്ത മുന്നറിയിപ്പുമായി യുഎഇ

  1. Home
  2. Global Malayali

കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കരുത്; കടുത്ത മുന്നറിയിപ്പുമായി യുഎഇ

driving


 

വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ കുട്ടികളെ വാഹനങ്ങൾക്കുള്ളിൽ തനിച്ചാക്കി പോകുന്നതിനെതിരെ രക്ഷിതാക്കൾക്കും ഡ്രൈവർമാർക്കും കടുത്ത മുന്നറിയിപ്പുമായി ഷാർജ, അജ്മാൻ, ഫുജൈറ പൊലീസ് അധികൃതർ. അന്തരീക്ഷ താപനില 45 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ, ഇത്തരം വീഴ്ചകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സുരക്ഷാസേനകളുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിപുലമായ ബോധവൽക്കരണ ക്യാംപെയിനുകൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.ചെറിയ ആവശ്യങ്ങൾക്കായി മിനിറ്റുകളത്തേക്കാണെങ്കിൽ പോലും കുട്ടികളെ വാഹനത്തിനുള്ളിൽ പൂട്ടിയിട്ടു പോകുന്നത് വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് തലവൻ ബ്രി. ഖാലിദ് അൽ കായ് മുന്നറിയിപ്പ് നൽകി. പുറത്തെ താപനില ഉയരുമ്പോൾ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്കുള്ളിലെ ചൂട് വെറും പത്ത് മിനിറ്റിനുള്ളിൽ 60 ഡിഗ്രി സെൽഷ്യസിലേക്ക് വരെ ഉയർന്നേക്കാം. മുതിർന്നവരേക്കാൾ വേഗത്തിൽ കുട്ടികളുടെ ശരീരതാപനില വർധിക്കുമെന്നതിനാൽ ശ്വാസതടസ്സം, കടുത്ത ഹീറ്റ് സ്ട്രോക്ക്, മസ്തിഷ്കാഘാതം എന്നിവയ്ക്ക് ഇത് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനം ലോക്ക് ചെയ്യുന്നതിന് മുൻപ് പിൻസീറ്റ് പരിശോധിച്ച് കുട്ടികളില്ലെന്ന് ഉറപ്പുവരുത്തണമെന്നും വാഹനത്തിന്റെ താക്കോൽ കുട്ടികൾക്ക് കളിക്കാൻ നൽകരുതെന്നും പൊലീസ് നിർദേശിക്കുന്നു.