യോഗ്യതയുള്ള വിദേശികൾക്ക് ചിപ്പ് ഘടിപ്പിച്ച സിവിൽ ഐഡി; മാറ്റത്തിന് തുടക്കമിടാൻ കുവൈത്ത്

  1. Home
  2. Global Malayali

യോഗ്യതയുള്ള വിദേശികൾക്ക് ചിപ്പ് ഘടിപ്പിച്ച സിവിൽ ഐഡി; മാറ്റത്തിന് തുടക്കമിടാൻ കുവൈത്ത്

kuwait


വിദേശ നിക്ഷേപകർക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കുമായി ചിപ്പ് ഘടിപ്പിച്ച സിവിൽ ഐഡി നൽകാൻ കുവൈത്ത് തീരുമാനിച്ചു. നിക്ഷേപത്തിന്റെ മൂല്യം അനുസരിച്ച് 10 മുതൽ 15 വർഷം വരെ കാലാവധിയുള്ളതാണ് സിവിൽ ഐഡി. വ്യക്തിയുടെ ഔദ്യോഗിക വിവരങ്ങൾ ഡിജിറ്റലായി സംഭരിച്ചതാണ് ചിപ്പുകളെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വിശദീകരിച്ചു. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും കൃത്യമായി പരിശോധിക്കാനും പുതിയ സാങ്കേതികവിദ്യ സഹായിക്കും.

നിലവിലെ സിവിൽ ഐഡി പുതുക്കുന്ന രീതിയിലോ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വഴിയോ സഹേൽ ആപ്പ് വഴിയോ അപേക്ഷിക്കാനും പുതുക്കാനും സാധിക്കും.

15 വർഷം വരെ കാലാവധിയുള്ളതിനാൽ ഇടയ്ക്കിടെ പുതുക്കേണ്ടതില്ല. കാർഡിലെ ചിപ്പിനുള്ളിൽ ഉടമയുടെ വ്യക്തിഗത വിവരങ്ങൾ, താമസ രേഖകൾ, മറ്റ് ഔദ്യോഗിക വിവരങ്ങൾ എന്നിവ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കുറവാണ്.സർക്കാർ ഓഫിസുകളിലും വിമാനത്താവളങ്ങളിലും ഈ ചിപ്പ് സ്കാൻ ചെയ്യുന്നതിലൂടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാകും. നടപടിക്രമങ്ങൾ ലളിതമാക്കാനും സമയം ലാഭിക്കാനും ഇതു സഹായിക്കും. കാർഡ് ഉടമകൾക്ക് കുവൈത്തിലേക്കുള്ള യാത്രകളും താമസവുമായി ബന്ധപ്പെട്ട രേഖാമൂലമുള്ള നൂലാമാലകളും കുറയുന്നു.