സൗദിയിലെ പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ നിരന്തരം ഇടപെടുന്നുണ്ട്; മുഖ്യമന്ത്രി വി.ഡി. സതീശൻ

  1. Home
  2. Global Malayali

സൗദിയിലെ പ്രവാസികളുടെ ആശങ്ക പരിഹരിക്കാൻ നിരന്തരം ഇടപെടുന്നുണ്ട്; മുഖ്യമന്ത്രി വി.ഡി. സതീശൻ

v d satheesan


പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലുള്ള പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവരുടെ ആശങ്കകൾ പരിഹരിക്കാനും സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സൗദിയിലെ പ്രവാസികളുടെ സാഹചര്യം സംബന്ധിച്ച് നിയമസഭയിൽ ഉയർന്ന സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നോർക്കയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കുകളും ഗ്ലോബൽ കോൺടാക്ട് സെന്ററുകളും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ കോൺസുലേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് കുടുങ്ങിയ സന്ദർശക, ഉംറ, ടൂറിസ്റ്റ്, ബിസിനസ് വിസക്കാർക്ക് പിഴയില്ലാതെ രാജ്യം വിടാനുള്ള സൗകര്യം സൗദി അധികൃതർ ഏർപ്പെടുത്തിയത് കേരളത്തിന്റെ കൂടി ഇടപെടൽ മൂലമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിമാന യാത്രാ തടസ്സം നേരിടുന്നവർക്ക് ഖത്തർ, ബഹ്റൈൻ തുടങ്ങിയ അയൽ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ വഴി നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതകളും ഉറപ്പുവരുത്തിയിട്ടുണ്ട്. ഡൽഹിയിലെ കേരളത്തിന്റെ കേരള ഹൗസ് സംവിധാനം കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും എംബസിയുമായും നിരന്തരം ബന്ധപ്പെട്ട് വരികയാണെന്നും പ്രവാസികളുടെ എല്ലാ ആശങ്കകൾക്കും പരിഹാരം കാണുമെന്നും അദ്ദേഹം സഭയ്ക്ക് ഉറപ്പുനൽകി.