കായിക മേഖലയിലൂടെ ദുബൈക്ക് ലഭിച്ചത് 900 കോടി ദിർഹം; കണക്കുകൾ പുറത്ത്

  1. Home
  2. Global Malayali

കായിക മേഖലയിലൂടെ ദുബൈക്ക് ലഭിച്ചത് 900 കോടി ദിർഹം; കണക്കുകൾ പുറത്ത്

dubai


കായിക മേഖലയിലൂടെ കഴിഞ്ഞ വർഷം ദുബൈക്ക് ലഭിച്ചത് 900 കോടി ദിർഹം. ദുബൈ സൂപ്പർ കപ്പ്, വേൾഡ് ടെന്നിസ്ലീഗ് ഉൾപെടെ ഇവിടെ നടന്ന രാജ്യാന്തര, പ്രാദേശിക ടൂർണമെൻറുകളിൽ നിന്നാണ് ഇത്രയേറെ വരുമാനം ലഭിച്ചത്. ദുബൈ സ്‌പോർട്‌സ് കൗൺസിലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ദുബൈയുടെ ജി.ഡി.പിയിൽ 2.3 ശതമാനം സംഭാവന നൽകാൻ സ്‌പോർട്‌സിന് കഴിഞ്ഞു. മത്സരങ്ങൾക്ക് പുറമെ കായിക മേഖലക്ക് ഊർജം പകർന്ന് അന്താരാഷ്ട്ര കോൺഫറൻസുകളും പരിശീലനങ്ങളും ദുബൈയിൽ നടന്നിരുന്നു. 

105 ഇനം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കായിക മേഖലക്ക് സാധിച്ചു. സ്‌പോർട്‌സിനൊപ്പം ടൂറിസം മേഖലക്കും ഇത് ഏറെ ഉപകാരപ്പെട്ടു. മുൻവർഷങ്ങളെ അപേക്ഷിച്ച് കായിക മത്സരങ്ങളുടെ എണ്ണത്തിലും വൻ വർധനവുണ്ടായി. 103 അന്താരാഷ്ട്ര കായിക മേളകളാണ് ദുബൈയിൽ നടന്നത്. വേൾഡ് പാഡൽ ചാമ്പ്യൻഷിപ്പ്, വേൾഡ് ഗോൾഫ് ചാമ്പ്യൻഷിപ്പ്, വേൾഡ് ടെന്നിസ് ലീഗ് എന്നിയാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഇൻറർകോണ്ടിനൻറൽ ബീച്ച് സോക്കർ കപ്പും ശ്രദ്ധേയമായി. ദുബൈ ആൽ മക്തൂം സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ കപ്പിൽ ലിവർപൂൾ, ആഴ്‌സനൽ, എ.സി മിലാൻ, ഒളിമ്പിക് ലിയോൺ എന്നീ വമ്പൻ ടീമുകൾ ഏറ്റുമുട്ടി. 50,000ഓളം കാണികളാണ് ഈ മത്സരം സ്റ്റേഡിയത്തിലെത്തി വീക്ഷിച്ചത്. ലോകകപ്പിനിടയിലായിരുന്നു ഈ മത്സരം.