ഷാർജയിൽ പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചു; രണ്ട് പേർ അറസ്റ്റിൽ

  1. Home
  2. Global Malayali

ഷാർജയിൽ പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചു; രണ്ട് പേർ അറസ്റ്റിൽ

arrested


 

പൊതുനിരത്തിൽ ഇതര യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ച രണ്ട് ഡ്രൈവർമാരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് ഇംപൗണ്ട് ചെയ്യുകയും തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. അറസ്റ്റിലായവരിൽ ഒരാൾ അവരുടെ നിയമലംഘനങ്ങളുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതാണ് പൊലീസിന് പ്രതികളിലേക്ക് എളുപ്പത്തിൽ എത്താൻ സഹായകരമായത്.റോഡിൽ രണ്ട് നിസാൻ പട്രോൾ വാഹനങ്ങൾ തമ്മിൽ മത്സരയോട്ടം നടത്തുകയും അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയിൽ പെട്ടത്. ഈ ദൃശ്യങ്ങളും മറ്റ് അന്വേഷണ സംവിധാനങ്ങളും ഉപയോഗിച്ച് പൊലീസ് നടത്തിയ ഊർജ്ജിത നീക്കത്തിനൊടുവിൽ ഇരുവാഹനങ്ങളും ഡ്രൈവർമാരെയും തിരിച്ചറിഞ്ഞ് നിയമനടപടികൾ സ്വീകരിച്ചു.

പൊതുനിരത്തുകൾ അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്താനുള്ള വേദികളല്ലെന്നും ട്രാഫിക് നിയമലംഘനങ്ങൾ നടത്തി അത് സമൂഹമാധ്യമങ്ങളിലൂടെ ആഘോഷമാക്കാൻ ശ്രമിക്കരുതെന്നും ഷാർജ പൊലീസ് കർശന മുന്നറിയിപ്പ് നൽകി. റോഡുകൾ മത്സരങ്ങൾക്കുള്ളതല്ല, സമൂഹമാധ്യമങ്ങൾ നിയമലംഘനങ്ങൾ വിളിച്ചോതാനുള്ള പ്ലാറ്റ്‌ഫോമുകളുമല്ല. ഇത്തരം ഓരോ അശ്രദ്ധമായ പെരുമാറ്റത്തിനും വിഡിയോ പങ്കുവയ്ക്കുന്ന നിമിഷം മുതൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കി. ഓൺലൈനിൽ പങ്കുവയ്ക്കുന്ന ഇത്തരം നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ കുറ്റകൃത്യങ്ങൾ തെളിയിക്കാനുള്ള ശക്തമായ തെളിവുകളായി മാറുമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഷാർജ പൊലീസ് ഓർമിപ്പിച്ചു.