സാലിക് ഓഹരിക്ക് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം; 49 ഇരട്ടി അപേക്ഷകരാണ് ഓഹരി വാങ്ങാൻ രംഗത്തുള്ളത്

  1. Home
  2. Global Malayali

സാലിക് ഓഹരിക്ക് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം; 49 ഇരട്ടി അപേക്ഷകരാണ് ഓഹരി വാങ്ങാൻ രംഗത്തുള്ളത്

saalik


എമിറേറ്റിലെ ടോൾ കലക്ഷൻ സംവിധാനമായ സാലിക്കിന്റെ ഓഹരികൾക്ക് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം. സാലിക്ക് ഷെയറുകൾക്ക് പണമടച്ച് അപേക്ഷിക്കാനുള്ള അവസാന തിയതി ഈമാസം 20 ന് അവസാനിച്ചപ്പോൾ, വേണ്ടതിനേക്കാൾ 49 ഇരട്ടി അപേക്ഷകരാണ് ഓഹരി വാങ്ങാൻ രംഗത്തുള്ളത്.

സാലിക്കിന്റെ ഒരു ഓഹരിക്ക് രണ്ട് ദിർഹം എന്ന നിരക്കിൽ കുറഞ്ഞത് 5002 ദിർഹം മുടക്കി 2501 ഓഹരികൾ നൽകാനാണ് അവസരമൊരുക്കിയിരുന്നത്. അപേക്ഷിക്കേണ്ട അവസാനതിയതി പിന്നിട്ടപ്പോൾ ഓഹരി ലഭ്യമാക്കുന്ന വിവിധ സ്രോതസുകളിൽ നിന്നായി 184.2 ശതകോടി ദിർഹമാണ് അപേക്ഷകരിൽ നിന്ന് അധികമായി എത്തിയത്. വിൽപനക്ക് വച്ച ഓഹരിയുടെ 49 ഇരട്ടി വരുമിത്. ഓഹരികൾ സ്വന്തമാക്കേണ്ട പ്രധാന സ്ഥാപനങ്ങളായ കോർണർ സ്റ്റോൺ ഉപഭോക്താക്കളെ ഒഴിവാക്കിയാൽ അധികമായി എത്തിയ അപേക്ഷകരുടെ എണ്ണം 52 ഇരട്ടിയാകും.

അനുവദിച്ച ഓഹരിയുടെ വിശദാംശങ്ങൾ വ്യക്തമാക്കി ഈമാസം 26 ന് അപേക്ഷകർക്ക് എസ് എം എസ് സന്ദേശം ലഭിക്കും. എത്ര ഓഹരികൾ ഓരോരുത്തർക്കും അനുവദിച്ചു എന്ന് അപ്പോഴാണ് വ്യക്തമാവുക. പ്രാദേശിക നിക്ഷേപകരിലേക്ക് ഓഹരി എത്തിക്കാൻ ലക്ഷ്യമിട്ട ചില്ലറ മേഖലയിൽ നിന്ന് മാത്രം 34.7 ശതകോടി ദിർഹമിന്റെ അപേക്ഷ എത്തിയിട്ടുണ്ട്. ഇത് പ്രതീക്ഷിച്ച കണക്കിനേക്കാൾ 119 ഇരട്ടിയാണെന്നാണ് വിലയിരുത്തുന്നത്. സാലിക് ഓഹരിക്ക് ലഭിക്കുന്ന വർധിച്ച ഡിമാൻഡ് കണ്ട് പൊതുവിപണിയിൽ എത്തിച്ച ഷെയറുകൾ ഓഹരി മൂലധനത്തിന്റെ 24.9 ശതമാനമാക്കി നേരത്തേ ഉയർത്തിയിരുന്നു.