ഷാർജയിൽ വിദ്യാഭ്യാസ മേഖലയ്ക്ക് 500 കോടി ദിർഹത്തിന്റെ വികസന പദ്ധതികൾ
ഷാർജയിലെ സ്കൂളുകളുടെയും നഴ്സറികളുടെയും ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുന്നതിനും സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി 500 കോടി ദിർഹത്തിന്റെ വികസന പദ്ധതികൾ നടപ്പിലാക്കുന്നു. ഷാർജ പൊതുമരാമത്ത് വകുപ്പ് സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റിയുമായി സഹകരിച്ചാണ് പുതിയ സ്കൂളുകൾ, നഴ്സറികൾ, കായിക-പാർപ്പിട കേന്ദ്രങ്ങൾ എന്നിവയുടെ നിർമാണവും നവീകരണവും നടത്തുന്നത്.ഷാർജ സിറ്റിയിൽ 400 വിദ്യാർഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള മെഹ്സബ് സ്കൂളിന്റെ നിർമാണം പൂർത്തിയായി. 30,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ക്യാംപസ് വെറും 60 ദിവസം കൊണ്ടാണ് പണിപൂർത്തിയാക്കിയത്. ഭരണവിഭാഗം, ക്ലിനിക്ക്, ആറുവയസ്സുവരെയുള്ള കുട്ടികൾക്കുള്ള പ്രത്യേക പഠനകേന്ദ്രം, ഒന്നുമുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള 10 ക്ലാസ് മുറികൾ, സയൻസ്, കംപ്യൂട്ടർ ലാബുകൾ, 117 പേർക്കിരിക്കാവുന്ന തിയറ്റർ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അൽ സുയോഹ്, അൽ റഹ്മാനിയ എന്നിവിടങ്ങളിലെ നഴ്സറികളിൽ കൂടുതൽ ക്ലാസ് മുറികൾ നിർമിച്ച് പ്രവേശന ശേഷി വർധിപ്പിച്ചു. അൽ ഖുലൈയ നഴ്സറിയിൽ അറ്റകുറ്റപ്പണികളും വിപുലമായ പ്ലേ ഗ്രൗണ്ട് സൗകര്യങ്ങളും പൂർത്തിയായി. കൂടാതെ അൽ അബ്ബാർ, അൽ മുവറഖ്, ക്ഷിഷ, അൽ നൊആഫ് എന്നിവിടങ്ങളിലായി നാല് പുതിയ സർക്കാർ നഴ്സറികളുടെ നിർമാണം പുരോഗമിക്കുകയാണ്.
