യുഎഇയിൽ ഇനി ‘ഡിജിറ്റൽ കവചം’; പ്ലാറ്റ്‌ഫോമുകൾക്ക് ‘റിസ്ക് ക്ലാസിഫിക്കേഷൻ’
യുഎഇയിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഡിജിറ്റൽ ലോകത്ത് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ നിയമം (ഫെഡറൽ നിയമം 26/ 2025) നിലവിൽ വന്നു. കുട്ടികൾ നേരിടുന്ന സൈബർ ഭീഷണികൾ തടയുന്നതിനും അവർക്ക് സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുന്നതിനുമാണ് ഈ നിയമം ഊന്നൽ നൽകുന്നത്.
കുട്ടികളുടെ സുരക്ഷയ്ക്ക് ഇനി ‘ഡിജിറ്റൽ കവചം’
സമൂഹമാധ്യമങ്ങളും ഗെയിമിങ് ആപ്പുകളും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും കുട്ടികൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ യുഎഇ ഭരണകൂടം കർശന നടപടികളിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ‘ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി’ നിയമം പ്രഖ്യാപിച്ചു. വെബ്സൈറ്റുകൾ, സെർച്ച് എൻജിനുകൾ, മെസ്സേജിങ് ആപ്പുകൾ, ഓൺലൈൻ ഗെയിമിങ്, സമൂഹമാധ്യമം തുടങ്ങി കുട്ടികൾക്ക് പ്രവേശനമുള്ള എല്ലാ ഡിജിറ്റൽ ഇടങ്ങൾക്കും ഈ നിയമം ബാധകമാണ്.
പ്ലാറ്റ്‌ഫോമുകൾക്ക് വരുന്നു ‘റിസ്ക് ക്ലാസിഫിക്കേഷൻ’
എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും അവയിലെ ഉള്ളടക്കം, ഉപയോഗം, കുട്ടികളിലുണ്ടാക്കുന്ന സ്വാധീനം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തിരിക്കും. ഓരോ വിഭാഗത്തിനും അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കണം. ഇതിനായി പ്രായം തിരിച്ചുള്ള നിയന്ത്രണങ്ങൾ, കണ്ടന്റ് ഫിൽട്ടറിങ്, ഏജ് വെരിഫിക്കേഷൻ തുടങ്ങിയവ ഏർപ്പെടുത്തണം.
പ്രധാന നിയന്ത്രണങ്ങൾ
∙വിവരശേഖരണത്തിന് വിലക്ക്: 13 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനോ പങ്കുവയ്ക്കുന്നതിനോ പ്ലാറ്റ്‌ഫോമുകൾക്ക് അനുമതിയില്ല. വിദ്യാഭ്യാസ, ആരോഗ്യ സംബന്ധിയായ പ്ലാറ്റ്‌ഫോമുകൾക്ക് മാത്രമേ ഇതിൽ ഇളവുകൾ ലഭിക്കൂ.
∙ചൂതാട്ടത്തിന് കർശന വിലക്ക്: കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൺലൈൻ ചൂതാട്ടങ്ങൾ, ബെറ്റിങ്, ഇതുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ തുടങ്ങൽ എന്നിവ പൂർണമായും നിരോധിച്ചു.
∙പരസ്യ നിയന്ത്രണം: കുട്ടികളെ ലക്ഷ്യം വച്ചുള്ള ഓൺലൈൻ പരസ്യങ്ങൾക്കും നിയന്ത്രണമുണ്ടാകും.
ഇന്റർനെറ്റ് സേവന ദാതാക്കളുടെ ഉത്തരവാദിത്തം
യുഎഇയിലെ ഇന്റർനെറ്റ് സേവന ദാതാക്കൾ ഹാനികരമായ ഉള്ളടക്കങ്ങൾ തടയുന്നതിനുള്ള ഫിൽട്ടറിങ് സംവിധാനങ്ങൾ സജ്ജമാക്കണം. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കാവൂ എന്നും രക്ഷിതാക്കൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും നിയമം അനുശാസിക്കുന്നു.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്
കുട്ടികളുടെ ഡിജിറ്റൽ ലോകത്തെ കാര്യങ്ങൾ നിരീക്ഷിക്കുന്നതിൽ രക്ഷിതാക്കൾക്കും വലിയ പങ്കുണ്ട്.
കുട്ടികൾക്ക് യോജിക്കാത്ത പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകൾ തുടങ്ങാൻ അനുവദിക്കരുത്.
സർക്കാർ ലഭ്യമാക്കുന്ന പേരന്റൽ കൺട്രോൾ ടൂളുകൾ പരമാവധി പ്രയോജനപ്പെടുത്തണം.ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കൃത്യമായി നിരീക്ഷിക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
യുഎഇയുടെ സൈബർ സുരക്ഷാ കൗൺസിൽ നേരത്തെ നൽകിയ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവും സദാചാരപരവുമായ സുരക്ഷയ്ക്ക് ഇത് വലിയൊരു മുതൽക്കൂട്ടാകും.
