വിദ്യാർഥിക്കെതിരായ അച്ചടക്ക നടപടി; വൈറൽ വിഡിയോയിൽ നിലപാട് വ്യക്തമാക്കി യുഎഇ

  1. Home
  2. Global Malayali

വിദ്യാർഥിക്കെതിരായ അച്ചടക്ക നടപടി; വൈറൽ വിഡിയോയിൽ നിലപാട് വ്യക്തമാക്കി യുഎഇ

UAE FLAG


 

സർക്കാർ സ്കൂളിലെ വിദ്യാർഥിക്കെതിരെ എടുത്ത അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന വാർത്തകളും വിഡിയോകളും വസ്തുതാവിരുദ്ധമാണെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂൾ പരിസരത്ത് സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം ഉറപ്പാക്കാനും വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയുമാണ് ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.പെട്ടെന്നൊരു അച്ചടക്ക നടപടിയിലേക്ക് കടക്കുകയായിരുന്നില്ല. തുടർ പഠനത്തിനും സ്വഭാവ രൂപീകരണത്തിനുമായി വിദ്യാർഥിക്ക് ആവശ്യമായ പിന്തുണയും മാർഗനിർദേശങ്ങളും മുൻപും നൽകിയിരുന്നു. കുട്ടിയുടെ പഠനം മുടങ്ങിയിട്ടില്ലെന്നും വിദ്യാഭ്യാസപരമായ എല്ലാ പിന്തുണയും നൽകി പഠനം തുടരാനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. വിദ്യാർഥികളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിച്ചുകൊണ്ട് പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഘട്ടംഘട്ടമായാണ് മന്ത്രാലയം നടപടിയെടുക്കുന്നത്. ബോധവൽക്കരണവും കൗൺസലിങ്ങും നൽകിയ ശേഷമേ ശിക്ഷാനടപടികളിലേക്ക് കടക്കൂവെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ദുബായിലെ സ്വകാര്യ സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘കെഎച്ച്‌ഡിഎ’ (നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി) പുതിയ മാർഗനിർദേശങ്ങൾ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സംഭവങ്ങളുണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും അന്വേഷണ സമയത്ത് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സ്കൂളുകൾക്ക് നിർദേശമുണ്ട്.