സൗദിയിൽ ഇനിമുതൽ ഡോക്ടർമാർക്ക് മൂന്ന് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യാം

  1. Home
  2. Global Malayali

സൗദിയിൽ ഇനിമുതൽ ഡോക്ടർമാർക്ക് മൂന്ന് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യാം

d


സൗദി അറേബ്യയിൽ സ്വദേശി ഡോക്ടർമാർക്ക് പരമാവധി മൂന്നു സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യാം. സൗദി ആരോഗ്യ മന്ത്രാലയം ഇതിനുള്ള അനുമതി നൽകി. ഹെൽത്ത് പ്രൊഫഷൻ പ്രാക്ടീസ് ലൈസൻസ് വ്യവസ്ഥകളിൽ ഇതിനാവശ്യമായ മാറ്റം വരുത്തി. സൗദി പൗരന്മാരായ കൺസൾട്ടന്റ് ഫിസിഷ്യൻ, സീനിയർ ഫിസിഷ്യൻ, പ്രീമിയം ഇഖാമ ഉടമകളായ വിദേശ ഡോക്ടർമാർ എന്നിവർക്ക് പരമാവധി മൂന്ന് ആശുപത്രികളിൽ ജോലി ചെയ്യാൻ കഴിയും.

ഇവർ ജോലി ചെയ്യുന്ന ആശുപത്രികൾ ജോലിസമയം മന്ത്രാലയത്തെ അറിയിക്കണം. ഇങ്ങനെ ഒന്നിലധികം ആശുപത്രികളിൽ സേവമനുഷ്ഠിക്കുന്ന ഡോക്ടർമാർ മറ്റൊരു ആശുപത്രിയിൽ മുഴുവൻ സമയ ഹാജർ ആവശ്യമുള്ള പദവി വഹിക്കരുത്. ഹെൽത്ത് പ്രഫഷൻ പ്രാക്ടീസ് ലൈസൻസിന്റെ കാലാവധി കഴിഞ്ഞാൽ, ലൈസൻസ് പുതുക്കുന്നതുവരെ ആശുപത്രികൾ ഡോക്ടർമാരെ ജോലിയിൽനിന്ന് അകറ്റിനിർത്തണമെന്നും ഡോക്ടർമാരുമായുള്ള തൊഴിൽ കരാർ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് സ്ഥാപനങ്ങൾ മന്ത്രാലയത്തെ അറിയിക്കാൻ ബാധ്യസ്ഥരാണെന്നും ഭേദഗതികൾ വ്യക്തമാക്കുന്നു.

സ്വകാര്യ ആശുപത്രികൾ തങ്ങളുടെ ഡോക്ടർമാർക്ക് അവരുടെ വർഗീകരണം, ലൈസൻസ്, ക്ലിനിക്കൽ പ്രിവിലേജുകൾ എന്നിവ അടിസ്ഥാനമാക്കി അവർക്ക് നൽകിയിരിക്കുന്ന അധികാരത്തിന് അനുസൃതമായി ജോലി ചെയ്യാൻ അവസരമൊരുക്കണമെന്ന് ഭേദഗതികൾ പറയുന്നു. ആശുപത്രികൾ ഡോക്ടർമാർക്ക് അവരുടെ ക്ലിനിക്കൽ പ്രിവിലേജുകൾ വിശദീകരിക്കുന്ന രേഖയും നൽകണം.

ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പരിശീലനവും പരിചയസമ്പത്തും നൈപുണ്യവും ഉറപ്പാക്കാൻ ആശുപത്രിയിലെ ഡോക്ടർമാരുടെ യോഗ്യതയും പരിചയസമ്പത്തും പരിശോധിക്കാൻ ആശുപത്രികൾ ക്ലിനിക്കൽ ക്രെഡൻഷ്യൽസ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി എന്ന പേരിൽ ആഭ്യന്തര കമ്മിറ്റി സ്ഥാപിക്കൽ നിർബന്ധമാണ്. മെഡിക്കൽ ഡയറക്ടർ ചെയർമാനായ കമ്മിറ്റിയിൽ സർജറി, ഇേൻറണൽ മെഡിസിൻ, എമർജൻസി, ഇൻറൻസീവ് കെയർ തുടങ്ങിയ പ്രധാന വകുപ്പുകളുടെ തലവന്മാർ, മാനവ വിഭവശേഷി ഡയറക്ടർ, ആശുപത്രി അഡ്മിനിസ്ട്രേഷൻ പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തണം.