ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്‍റ്; വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്
സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്‍റ് പരസ്യങ്ങൾക്കെതിരെ ദുബൈ പൊലീസിന്‍റെ മുന്നറിയിപ്പ്. വീട്ടുജോലിക്കാരെ നിയമിക്കുന്നത് അംഗീകൃത ഏജൻസികൾ വഴി മാത്രമാകണമെന്ന് ദുബൈ പൊലീസ് ആന്റി-ഫ്രോഡ് സെന്റർ പ്രസ്താവനയിൽ താമസക്കാരോട് അഭ്യർഥിച്ചു. റിക്രൂട്ട്‌മെന്റ് ഏജന്റുമാരായി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ പ്രത്യക്ഷപ്പെട്ട് താമസക്കാരെ ചൂഷണം ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ഗാർഹിക തൊഴിലാളികളെ നിയമിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർ യു.എ.ഇയിൽ പ്രവർത്തിക്കുന്ന ലൈസൻസുള്ളതും അംഗീകൃതവുമായ റിക്രൂട്ട്‌മെന്റ് ഓഫിസുകളിൽ മാത്രം ഇടപാടുകൾ നടത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഔദ്യോഗിക അംഗീകാരമില്ലാത്ത റിക്രൂട്ട്‌മെന്റ് സേവനങ്ങൾ നൽകുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം കൈമാറുന്നതിലൂടെ വഞ്ചനക്ക് ഉയർന്ന സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യരീതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിന് പൊലീസ് ആരംഭിച്ച ‘ബിവേർ ഓഫ് ഫ്രോഡ്’ കാമ്പയിനിന്റെ ഭാഗമായാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നതിനും പണമടക്കുന്നതിനും മുമ്പ് സേവനദാതാക്കളുടെ നിയമസാധുത പരിശോധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.സംശയാസ്പദമായ ഓൺലൈൻ പരസ്യങ്ങളോ മറ്റോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഔദ്യോഗിക മാർഗങ്ങൾ വഴി റിപ്പോർട്ട് ചെയ്യാനും പൊലീസ് അഭ്യർഥിച്ചു.ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പ്, ഓൺലൈൻ, സൈബർ സംബന്ധമായ കുറ്റകൃത്യങ്ങൾക്കായുള്ള ഇ-ക്രൈം പ്ലാറ്റ്‌ഫോം, 901 എന്ന നമ്പർ എന്നിവ വഴി റിപ്പോർട്ട് ചെയ്യാം.
