മെട്രോ ടണൽ സുരക്ഷ പരിശോധനയ്ക്ക് ഡ്രോൺ കണ്ണുകൾ
മെട്രോ ടണലുകളിൽ പരിശോധനകൾക്കായി ഇനി ഡ്രോണുകൾ പറന്നെത്തും. മനുഷ്യർക്കു കടന്നു ചെല്ലാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ പോലും അതിവേഗ പരിശോധന ഉറപ്പാക്കുന്ന ഡ്രോൺ ഇൻസ്പെക്‌ഷനു തുടക്കമിട്ടു ദുബായ് ആർടിഎ. ദുബായ് മെട്രോ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവും ആക്കുകയാണു പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
ദുബായ് മെട്രോ ഏറ്റവും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായുള്ളതാണു പുതിയ സാങ്കേതിക സൗകര്യമെന്ന് ഓപ്പറേറ്റർമാരായ കിയോലിസ് എംഎച്ച്ഐയും ആർടിഎയും അറിയിച്ചു. സുരക്ഷാ പരിശോധന സമയത്തിൽ 60 ശതമാനം ലാഭിക്കാൻ കഴിയുമെന്നതാണു പുതിയ സംവിധാനത്തിന്റെ പ്രത്യേകതയെന്ന് ആർടിഎയുടെ റെയിൽ മെയ്ന്റനൻസ് ഡയറക്ടർ ദാവൂദ് അൽറായിസ് പറഞ്ഞു.
ടണലുകളുടെ അടക്കം മെട്രോ റെയിൽ പാതയുടെ സമ്പൂർണ പരിശോധന സാധിക്കും എന്നതിനാൽ മെട്രോ യാത്രകളുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു. മെട്രോ കടന്നു പോകുന്ന ചില ടണലുകളിൽ മനുഷ്യർക്കു നേരിട്ട് കയറുക ബുദ്ധിമുട്ടായിരുന്നു. ഇവിടെ പരിശോധിക്കാൻ പ്രത്യേക യന്ത്രങ്ങളുടെ സഹായം ആവശ്യമായിരുന്നു. ഈ വെല്ലുവിളിയാണു ഡ്രോണിലൂടെ ആർടിഎ മറികടക്കുന്നത്.
പരിശോധിക്കുന്ന സ്ഥലത്തിന്റെ ഹൈ റെസല്യൂഷൻ ചിത്രങ്ങളാണു ഡ്രോണുകൾ പകർത്തുന്നത്. ഈ ചിത്രങ്ങളിലൂടെ ടണലുകളുടെ സുരക്ഷ കൃത്യമായി വിലയിരുത്താൻ സാധിക്കും. ഡ്രോണുകൾ ശേഖരിക്കുന്ന വിവരങ്ങൾ ഡിജിറ്റൽ റിപ്പോർട്ടുകളായി സൂക്ഷിക്കും. തുടർ പരിശോധനകളിൽ താരതമ്യം ചെയ്യാനും ഇതുവഴി സാധിക്കും. പറന്നെത്തുന്ന മേഖലകളുടെ വിവരങ്ങൾ ശേഖരിക്കാൻ ഓട്ടമേറ്റഡ് ഡേറ്റാ കലക്‌ഷൻ സംവിധാനം ഡ്രോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിസ്താരം കുറഞ്ഞ മേഖലകളിലേക്കു മനുഷ്യർ നുഴഞ്ഞ് ഇറങ്ങുമ്പോഴുള്ള അപകടം ഡ്രോണുകൾ എത്തിയതോടെ പൂർണമായും ഒഴിവായി.
മെട്രോ റൂട്ടുകളിൽ സംഭവിക്കാവുന്ന സുരക്ഷാ വീഴ്ചകൾ മുൻകൂട്ടി പ്രവചിക്കാനും പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കാനും ഡ്രോണുകളിലൂടെ സാധിക്കും. സുസ്ഥിരത, നവീകരണം, മികവുറ്റ സേവനം എന്നിവ ലക്ഷ്യമിട്ട് ആ ർടിഎ തയാറാക്കിയിരിക്കുന്ന വിഷൻ 2030 പദ്ധതിയുമായി ഏറ്റവും ചേർന്നു പോകുന്നതാണു പുതിയ സാങ്കേതിക സൗകര്യം.
