ആകാശത്ത് പറക്കുന്ന ഡ്രോണുകൾ യുഎഇയിലെ നിത്യക്കാഴ്ചയാകും; നിർണായക നീക്കവുമായി ജിസിഎഎ

  1. Home
  2. Global Malayali

ആകാശത്ത് പറക്കുന്ന ഡ്രോണുകൾ യുഎഇയിലെ നിത്യക്കാഴ്ചയാകും; നിർണായക നീക്കവുമായി ജിസിഎഎ

d


വീടുകളിലേക്കും മറ്റും സാധനങ്ങൾ എത്തിക്കാൻ ആകാശത്ത് പറക്കുന്ന ഡ്രോണുകൾ ഇനി യുഎഇയിലെ നിത്യക്കാഴ്ചയാകാൻ ഒരുങ്ങുന്നു. ഡ്രോൺ അഥവാ ആളില്ലാത്ത കൊച്ചു വിമാന (യുഎവി)ങ്ങളുടെ സാങ്കേതിക വിദ്യയിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ ലക്ഷ്യമിട്ട് അഞ്ച് പ്രത്യേക പരിശീലന കേന്ദ്രങ്ങൾക്ക് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അംഗീകാരം നൽകി. ഡ്രോൺ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള യുഎഇയുടെ വലിയൊരു കുതിച്ചുചാട്ടമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.വെർസ എയ്‌റോസ്‌പേസ്, എക്‌സ്‌പോണന്റ് ഇ-കൊമേഴ്‌സ്, ആർസിജി, എമിറേറ്റ്‌സ് ഫാൽക്കൺസ് ഏവിയേഷൻ, ഫാൽക്കൺ ഐ ഡ്രോൺസ് എന്നിവയാണ് അംഗീകാരം ലഭിച്ച സ്ഥാപനങ്ങൾ. ഇനി മുതൽ ഡ്രോൺ പൈലറ്റുമാരാകാൻ ആഗ്രഹിക്കുന്നവർക്ക് വിദേശ സർട്ടിഫിക്കറ്റുകളെ ആശ്രയിക്കാതെ തന്നെ യുഎഇയിൽ നിന്ന് ലോകോത്തര നിലവാരത്തിലുള്ള പരിശീലനം നേടാം.

സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന ഡെലിവറി സർവീസുകൾ മുതൽ സിനിമ ചിത്രീകരണം, സുരക്ഷാ പരിശോധനകൾ, അടിയന്തര രക്ഷാപ്രവർത്തനങ്ങൾ വരെ നീളുന്ന വിശാലമായ വാണിജ്യ മേഖലയാണ് ഇതോടെ തുറക്കപ്പെടുന്നത്. ഇത് കേവലം വിനോദത്തിനപ്പുറം വലിയൊരു തൊഴിൽ വിപണി കൂടിയാണ് സൃഷ്ടിക്കുന്നത്.

∙ പുതിയ ജോലി സാധ്യതകൾ
ഡ്രോൺ പൈലറ്റുമാർ, ഫ്ലൈറ്റ് ഓപറേഷൻസ് മാനേജർമാർ, മെയിന്റനൻസ് വിദഗ്ധർ, ഡ്രോൺ ഡാറ്റാ അനലിസ്റ്റുകൾ തുടങ്ങിയ തസ്തികകളിൽ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് വരാനിരിക്കുന്നത്. റീട്ടെയിൽ, നിർമാണം, എണ്ണ-വാതകം തുടങ്ങിയ മേഖലകളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കാൻ ഡ്രോണുകൾ സഹായിക്കും. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ദേശീയതലത്തിൽ വൈദഗ്ധ്യമുള്ള ഒരു വിഭാഗത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്ന് ജിസിഎഎ ഡയറക്ടർ അഖീൽ അൽ സർഉൌനി പറഞ്ഞു. വരുംദിവസങ്ങളിൽ യുഎഇയുടെ ആകാശത്ത് ഡ്രോണുകളുടെ തിരക്കേറുമെന്ന് ചുരുക്കം.