യുഎഇ ഉണരും മുൻപേ സജീവമായി ദുബായ് നഗരം
ആരോഗ്യ സമ്പൂർണ നഗരം എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ദുബായ് ഫിറ്റനസ് ചാലഞ്ചിന്റെ പ്രയാണത്തിന് ഇന്നലെ സൈക്കിളേറി തുടക്കമായി. ദുബായ് നഗര സിരാകേന്ദ്രം ഇന്നലെ സൈക്കിൾ കടലായി മാറി. പതിനായിരക്കണക്കിനാളുകൾ സൈക്കിളുമായി റോഡിലിറങ്ങി. ദുബായ് റൈഡിനായി ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ഹൈവേ പൂർണമായും അടച്ചു. ഒരു വയസുകാരി മുതൽ എല്ലാ പ്രായക്കാരും ആവേശപൂർവം റൈഡിന്റെ ഭാഗമായി. ചാലഞ്ചിൽ പങ്കെടുക്കുന്നവർക്ക് ആവേശം പകരാനും കാണാനും റോഡിന്റെ ഇരുവശങ്ങളിലും ആയിരങ്ങൾ സംഗമിച്ചു.മലയാളികൾ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളും സ്വദേശികളും റൈഡിന്റെ ഭാഗമായി. ദുബായ് പൊലീസിന്റെ വാഹന ശ്രേണിയിലെ സൂപ്പർ കാറുകൾ റൈഡിന്റെ മുന്നിൽ അണിനിരന്നത്. റോൾസ് റോയിസ്, ടെസ്‌ല സൈബർ ട്രക്ക് ഉൾപ്പെടെയുള്ള ആംബര പൊലീസ് കാറുകളായിരുന്നു മുൻനിരയിൽ. പിന്നിൽ തലാബാത്ത് ഡെലിവറി റൈഡർമാരുടെ ബൈക്കുകൾ. അതിനു പിന്നാലെ, സൈക്കിളുകൾ നിരനിരയായി റോഡിലൂടെ നീങ്ങി. 10 മണിയോടെ റൈഡ് അവസാനിച്ചു..ഇനി ഒരു മാസം നീളുന്ന ആരോഗ്യ ബോധവൽക്കരണം. ആരോഗ്യമുള്ള ശരീരത്തിന്റെ പ്രാധാന്യം ഓരോരുത്തരിലും എത്തിക്കുന്നതിനുള്ള പ്രയത്നങ്ങൾ. വ്യായാമത്തിലേക്ക് ഓരോ മനുഷ്യരെയും കൈപിടിച്ചു കൊണ്ടു പോകുന്ന യജ്ഞങ്ങൾ.
