പുതുവത്സര യാത്രാ തിരക്ക് കാര്യക്ഷമമായി നിയന്ത്രിച്ച് ദുബായ്
പുതുവത്സര അവധിക്കാലത്ത് ദുബായിലെ വിമാനത്താവളങ്ങൾ, കര-കടൽ തുറമുഖങ്ങൾ എന്നിവ വഴി നടന്ന വൻ യാത്രാ തിരക്ക് കാര്യക്ഷമമായി നിയന്ത്രിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 2025 ഡിസംബർ 29 മുതൽ 2026 ജനുവരി 3 വരെ നീണ്ട അത്യന്തം തിരക്കേറിയ ദിവസങ്ങളിൽ ആകെ 13,70,440 യാത്രക്കാരുടെ പ്രവേശന-പുറത്തുകടക്കൽ നടപടികൾ തടസ്സമില്ലാതെ പൂർത്തിയാക്കിയെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. യാത്രക്കാരുടെ ഭൂരിഭാഗവും ദുബായ് വിമാനത്താവളങ്ങളിലൂടെയായിരുന്നു. ഈ കാലയളവിൽ 12,72,246 പേർ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തതായാണ് കണക്ക്. സ്മാർട് ഗേറ്റുകളും ‘സ്മാർട് കോറിഡോർ’ സംവിധാനവും വ്യാപകമായി ഉപയോഗിച്ചതാണ് ഈ തിരക്കേറിയ ദിവസങ്ങളിൽ വലിയ ആശ്വാസമായത്. ഇതിലൂടെ ജീവനക്കാരുടെ മേൽ സമ്മർദ്ദം കുറയുകയും യാത്രക്കാരുടെ പരിശോധനാ സമയം ഗണ്യമായി കുറയ്ക്കാനും സാധിച്ചു. കടൽ തുറമുഖങ്ങൾ വഴിയും സജീവമായ യാത്രാ നീക്കമാണ് രേഖപ്പെടുത്തിയത്. 21,135 യാത്രക്കാരാണ് കടൽ മാർഗ്ഗം ദുബായിലെത്തിയതും പുറപ്പെട്ടതും.
ഏകീകൃത നടപടിക്രമങ്ങളും ഉയർന്ന പ്രവർത്തന സജ്ജതയും മൂലം സേവനങ്ങളിൽ തുടർച്ചയും വേഗതയും ഉറപ്പാക്കാൻ കഴിഞ്ഞു. ഹത്ത ലാൻഡ് പോർട്ടിലും ശ്രദ്ധേയമായ തിരക്കാണ് അനുഭവപ്പെട്ടത്. 77,059 യാത്രക്കാരെ ഇവിടെ കൈകാര്യം ചെയ്തു. ഫീൽഡ് തലത്തിലെ സജ്ജത ഗതാഗത പ്രവാഹം സുഗമമാക്കാൻ സഹായിച്ചുവെന്നും ജിഡിആർഎഫ്എ വിശദീകരിച്ചു.
