എഐ കരുത്തിൽ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) കരുത്തിൽ പുതിയ മാതൃകയുമായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). ലോകത്തിലെ ആദ്യ എഐ അധിഷ്ഠിത യൂട്ടിലിറ്റിയാകാനുള്ള ലക്ഷ്യത്തോടെ ഡിജിറ്റൽ മാറ്റങ്ങൾ വേഗത്തിലാക്കുകയാണെന്ന് ദീവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അൽ തായർ അറിയിച്ചു.വൈദ്യുതി, ജല ഉൽപാദനം മുതൽ വിതരണം, ഉപഭോക്തൃ സേവനം, ആസ്തി പരിപാലനം എന്നിവയിലെല്ലാം എഐ ഉപയോഗിച്ച് കൂടുതൽ വേഗമേറിയതും കാര്യക്ഷമവുമായ സേവനങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. ദീവയുടെ വെർച്വൽ സ്മാർട്ട് ജീവനക്കാരനായ റമ്മാസ് ഇതുവരെ 1.3 കോടിയിലേറെ ഉപഭോക്തൃ ചോദ്യങ്ങൾക്ക് മറുപടി നൽകി. ജനറേറ്റീവ് എഐ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലുള്ളതുമായ സേവനം ലഭ്യമാക്കാൻ സാധിക്കുന്നതായി ദീവ വ്യക്തമാക്കി.
ഡിജിറ്റൽ മാറ്റത്തിന്റെ നേട്ടമായി സുരക്ഷാ നിക്ഷേപം തിരികെ നൽകുന്ന സമയവും ഗണ്യമായി കുറഞ്ഞു. 4,000 ദിർഹം വരെയുള്ള നിക്ഷേപ തുക തിരികെ നൽകാൻ മുൻപ് നാലു ദിവസം വരെ എടുത്തിരുന്നെങ്കിൽ ഇപ്പോൾ 8 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് ദീവ അറിയിച്ചു.
വൈദ്യുതി-ജല ശൃംഖലകളിലെ തകരാറുകൾ മുൻകൂട്ടി കണ്ടെത്തൽ, പ്രവചനാടിസ്ഥാനത്തിലുള്ള അറ്റകുറ്റപ്പണി, പുനരുപയോഗ ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗം തുടങ്ങിയ മേഖലകളിലും എഐ പ്രയോജനപ്പെടുത്തുന്നുണ്ട്. സ്മാർട്ട് സാങ്കേതികവിദ്യയിലൂടെ സേവന നിലവാരം ഉയർത്തുന്നതിനൊപ്പം ജീവനക്കാരുടെ ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കുകയും സുരക്ഷിതമായ ഡേറ്റ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതും പദ്ധതികളുട ഭാഗമാണ്.
