വ്യക്തിവിവരങ്ങൾ കൈമാറരുതെന്ന് ദുബായ് ഇമിഗ്രേഷന്റെ കർശന മുന്നറിയിപ്പ്
ഫോൺ വിളികളിലൂടെയും സന്ദേശങ്ങളിലൂടെയും താമസക്കാരുടെ വ്യക്തിവിവരങ്ങൾ ചോർത്തുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഇമിഗ്രേഷൻ (ജിഡിആർഎഫ്എ) മുന്നറിയിപ്പ് നൽകി. സർക്കാർ ഏജൻസികളുടെ പേരിൽ വ്യാജരേഖകളും മറ്റും കാണിച്ച് ജനങ്ങളെ ഭയപ്പെടുത്തി വിവരങ്ങൾ ശേഖരിക്കുന്ന രീതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അധികൃതർ മുൻകരുതൽ നിർദേശം നൽകിയത്.എമിറേറ്റ്സ് ഐഡി നമ്പർ, പാസ്‌പോർട്ട് വിവരങ്ങൾ, ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വൺ-ടൈം പാസ്‌വേഡ് (ഒടിപി) എന്നിവ സർക്കാർ സ്ഥാപനങ്ങൾ ഒരിക്കലും ഫോണിലൂടെ ആവശ്യപ്പെടില്ലെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി. ഔദ്യോഗിക പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് അജ്ഞാത നമ്പറുകളിൽ നിന്ന് വരുന്ന കോളുകളോട് പ്രതികരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. ഇത്തരം ചതിക്കുഴികളിൽ വീണ് സാമ്പത്തിക നഷ്ടമുണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
സേവനങ്ങൾക്കും വിവരങ്ങൾക്കുമായി ഔദ്യോഗികവും അംഗീകൃതവുമായ പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കാൻ അധികൃതർ നിർദേശിച്ചു: ദുബായ് നൗ (Dubai Now) ആപ്ലിക്കേഷൻ, ജിഡിആർഎഫ്എ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, സോഷ്യൽ മീഡിയ: @gdrfadubai എന്ന ഔദ്യോഗിക അക്കൗണ്ടുകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത്. സൈബർ തട്ടിപ്പുകളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പെരുന്നാൾ തിരക്കുകൾക്കിടയിൽ ഇത്തരം തട്ടിപ്പുകാർ സജീവമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത കൈവിടരുതെന്ന് അധികൃതർ ഓർമിപ്പിച്ചു. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നത് വഴി വലിയൊരു പരിധി വരെ സൈബർ കുറ്റകൃത്യങ്ങളെ തടയാനാകും.
