ആകാശക്കണ്ണുമായി ദുബായ് മുനിസിപ്പാലിറ്റി; റോഡരികിൽ പടം പിടിക്കാൻ സ്മാർട്ട് ക്യാമറകൾ

  1. Home
  2. Global Malayali

ആകാശക്കണ്ണുമായി ദുബായ് മുനിസിപ്പാലിറ്റി; റോഡരികിൽ പടം പിടിക്കാൻ സ്മാർട്ട് ക്യാമറകൾ

s


നഗരത്തിന്റെ വൃത്തി കാത്തുസൂക്ഷിക്കാൻ അത്യാധുനിക നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയുമായി ദുബായ് മുനിസിപ്പാലിറ്റി. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താനും ശുചിത്വ നടപടികൾ വേഗത്തിലാക്കാനുമായി സ്മാർട്ട് ക്യാമറ സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ‘സ്മാർട്ട് വേസ്റ്റ് മാനേജ്‌മെന്റ്’ പദ്ധതിയുടെ ഭാഗമായാണ് ഈ നൂതന ചുവടുവയ്പ്പ്. മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിലാണ് നിലവിൽ ഇത്തരം സ്മാർട്ട് ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്നത്. ഇവ നഗരത്തിലെ റോഡുകളിലൂടെയും താമസമേഖലകളിലൂടെയും സഞ്ചരിക്കുമ്പോൾ അവിടങ്ങളിലെ വൃത്തി തത്സമയം നിരീക്ഷിക്കും. കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങൾ, ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള വൻകിട അവശിഷ്ടങ്ങൾ നിയമവിരുദ്ധമായി തള്ളുന്നത്, ഫുട്പാത്തുകളിലെയും പൊതുസ്ഥലങ്ങളിലെയും അഴുക്ക് എന്നിവ ഈ ക്യാമറകൾ ഒപ്പിയെടുക്കും.

∙പിഴ 500 ദിർഹം വരെ
ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ അപ്പോൾത്തന്നെ ഡിജിറ്റൽ ഡാഷ്‌ബോർഡുകളിൽ വിശകലനം ചെയ്യപ്പെടും. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് 500 ദിർഹം വരെയാണ് പിഴ ഈടാക്കുക. വീട്ടുപകരണങ്ങളും മറ്റും അശ്രദ്ധമായി വലിച്ചെറിയുന്നതും നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്നതുമായ എല്ലാ പ്രവണതകളും ഈ സ്മാർട്ട് കണ്ണുകൾ പിടികൂടും. പരീക്ഷണഘട്ടം വിജയകരമായാൽ നഗരത്തിലുടനീളം ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗാലിത്ത പറഞ്ഞു.

മാലിന്യങ്ങൾ തള്ളുന്നത് തത്സമയം കണ്ടെത്തുന്നതിലൂടെ ഫീൽഡ് ടീമുകൾക്ക് നിമിഷങ്ങൾക്കുള്ളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്ന് വേസ്റ്റ് ആൻഡ് സ്വീവറേജ് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ ആദിൽ അൽ മർസൂഖി വ്യക്തമാക്കി. 2041-ഓടെ ദുബായെ ലോകത്തെ ഏറ്റവും സുസ്ഥിര നഗരമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ഡിജിറ്റൽ വിപ്ലവം.