റോഡിലെ ബഹള വാഹനങ്ങളെ പൊക്കി ദുബായ് പൊലീസ്; 1230 വാഹനങ്ങൾ പിടിച്ചെടുത്തു
പാർപ്പിട മേഖലകളിൽ ശബ്ദപരിധി ലംഘിച്ച വാഹനങ്ങളെ കയ്യോടെ പൊക്കി നിശബ്ദമാക്കി ദുബായ് പൊലീസ്. ബഹളങ്ങളില്ലാത്ത റോഡുകൾ ലക്ഷ്യമിട്ട് പൊലീസ് നടത്തിയ നിരീക്ഷണ ക്യാംപയിനിലാണ് ബഹളക്കാരായ വാഹനങ്ങൾക്കു പിടി വീണത്. പരിധി വിട്ട 1230 വാഹനങ്ങൾ പിടിച്ചെടുത്തു. വലിയ ശബ്ദത്തോടെ ചീറിപ്പായാൻ സൈലൻസറിലും ഷാസിയിലും മാറ്റം വരുത്തിയ സംഭവത്തിൽ 1,178 കേസുകൾ എടുത്തു.അമിത ശബ്ദമുണ്ടാക്കുന്ന വാഹനം ഓടിച്ച 412 പേരെയും പിടികൂടി. മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുന്ന രീതിയിലും വാഹനാപകടങ്ങൾക്കു കാരണമാകുന്ന തരത്തിലും വാഹനം ഓടിച്ച 341 പിഴ കിട്ടി. ജനങ്ങൾക്ക് ശല്യമാകുന്ന തരത്തിൽ വാഹന ഹോൺ, മ്യൂസിക് സിസ്റ്റം എന്നിവ ഉപയോഗിച്ചതിന് 230 കേസുകളെടുത്തു. അമിത ശബ്ദം, അപകടകരമായ ഓടിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് 17,117 ബൈക്കുകൾക്ക് എതിരെയും നടപടിയുണ്ട്. ഇലക്ട്രിക് ബൈക്ക്, സൈക്കിൾ എന്നിവയുമായി ബന്ധപ്പെട്ടു 14,094 നിയമ ലംഘനങ്ങളും രേഖപ്പെടുത്തി.
പാർപ്പിട മേഖലകളിലെ റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പെരുമാറ്റങ്ങളും നിയമലംഘനങ്ങളും തടയുന്നതിന് നിരത്തുകളിലെ നിരീക്ഷണം പ്രയോജനപ്പെട്ടതായി ദുബായ് പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ അറിയിച്ചു. മൊത്തം 33,372 ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ചുമത്തി. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും, സമൂഹ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും, പാർപ്പിട മേഖലകളിലെ റോഡ് നിരീക്ഷണം തുടരും.
ഓരോ മേഖലകളും തിരിച്ചറിഞ്ഞു അവിടെ കാണുന്ന ആവർത്തിച്ചുള്ള ട്രാഫിക് നിയമ ലംഘനങ്ങൾ പഠന വിധേയമാക്കിയ ശേഷമാണ് പൊലീസ് നടപടി. എമിറേറ്റിന്റെ പൊതു സ്വൈര്യത വർധിപ്പിക്കുക , ഗതാഗത സുരക്ഷാ നിലവാരം മെച്ചപ്പെടുത്തുക, പാർപ്പിട മേഖലകളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവ റോഡ് നിരീക്ഷണങ്ങളുടെ ലക്ഷ്യമാണെന്നു അദ്ദേഹം പറഞ്ഞു.
