പിറന്നാൾ നിറവിൽ ദുബായ് ഭരണാധികാരി
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 77 -ാം ജന്മദിനത്തിൽ ആശംസനേർന്ന് ലോകം. ബുധനാഴ്ചയായിരുന്നു ലോകമെമ്പാടുമുള്ള ആളുകളെ സ്പർശിച്ച ദർശനങ്ങൾ ഉയർത്തിപ്പിടിച്ച നേതാവിന്റെ ജന്മദിനം രാജ്യം ആഘോഷിച്ചത്. വൺ ബില്യൻ മീൽസ് സംരംഭം, ആയിരക്കണക്കിന് തടവുകാർക്ക് മോചനം, പ്രതിസന്ധിഘട്ടങ്ങളിലെ നിർണായക വൈദ്യസഹായം, ഫാദേഴ്സ് എൻഡോവ്മെന്റ് കാംപെയ്ൻ തുടങ്ങി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ കാരുണ്യപ്രവർത്തനങ്ങൾ ഒട്ടേറെയാണ്.
ദുബായിയെ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്ന വ്യാപാര വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയതിൽ പ്രധാനപങ്കുവഹിച്ച വ്യക്തിയെന്ന നിലയിൽ ഒട്ടേറെപേരാണ് അദ്ദേഹത്തിന് സ്നേഹാശംസകൾ നൽകിയത്. ആശംസകളും പ്രാർഥനകളും ഇപ്പോഴും തുടരുകയാണ്. ഭരണത്തിന് നേതൃത്വംനൽകിയ 20 വർഷത്തിനിടയിൽ ദുബായിയുടെയും രാജ്യത്തിന്റെയും വളർച്ചയ്ക്കും പരിവർത്തനത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചു.
1949 ജൂലായ് 15-ന് ദുബായ് ക്രീക്കിന് സമീപം അൽ ഷിൻഡഗയിലെ അൽ മക്തൂം കുടുംബത്തിൽ മുൻ ദുബായ് ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ മകനായാണ് ശൈഖ് മുഹമ്മദിന്റെ ജനനം. 1968-ൽ 19 വയസ്സുള്ളപ്പോൾ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിരോധമന്ത്രിയായി ദുബായ് പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഫോഴ്‌സിന്റെ മേധാവിയായി നിയമിതനായി. യു.എ.ഇ. രൂപവത്കരണത്തിനുശേഷം 1971-ൽ അദ്ദേഹം രാജ്യത്തിന്റെ ആദ്യത്തെ പ്രതിരോധമന്ത്രിയായി. 1990 ഒക്ടോബറിൽ ശൈഖ് റാഷിദ് അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മൂത്തമകൻ ശൈഖ് മക്തൂം ബിൻ റാഷിദ് അധികാരത്തിൽവന്നു. 1995-ൽ ശൈഖ് മുഹമ്മദ് കിരീടാവകാശിയാവുകയും വിമാനത്താവളത്തിന്റെയും എണ്ണ വ്യവസായത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുകയുംചെയ്തു. ഇന്റർനെറ്റിന്റെയും ഡിജിറ്റൽ യുഗത്തിന്റെയും സാധ്യതകൾ നേരത്തേ തിരിച്ചറിഞ്ഞ് എല്ലാ സർക്കാർസേവനങ്ങളും ഓൺലൈനായി മാറ്റാൻ 1999-ൽ അദ്ദേഹം ഉത്തരവിട്ടു.
