ജലസംരക്ഷണത്തിൽ ലോകത്തിന് മാതൃകയായി ദുബായ്; വിതരണനഷ്ടം 4.5 ശതമാനമായി കുറച്ചു

  1. Home
  2. Global Malayali

ജലസംരക്ഷണത്തിൽ ലോകത്തിന് മാതൃകയായി ദുബായ്; വിതരണനഷ്ടം 4.5 ശതമാനമായി കുറച്ചു

s


കാര്യക്ഷമമായ ആസ്തി മാനേജ്‌മെന്റിലൂടെയും ആധുനിക സാങ്കേതികവിദ്യയുടെ കരുത്തിലും ജലവിതരണ ശൃംഖലയിലെ നഷ്ടം കുറയ്ക്കുന്നതിൽ ലോകത്തിന് മാതൃകയായി ദുബായ്. ജലവിതരണ രംഗത്തെ ചോർച്ചയും മറ്റും മൂലമുണ്ടാകുന്ന നഷ്ടം (വാട്ടർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ലോസ്) വെറും 4.5 ശതമാനത്തിലേക്ക് എത്തിക്കാൻ സാധിച്ചതായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദിവ) അറിയിച്ചു. ഈ നേട്ടം ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണ്.അത്യാധുനിക ഓട്ടോമേഷൻ സംവിധാനങ്ങളും തത്സമയ നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയതാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകം. 2025-ൽ മാത്രം ദുബായുടെ ജലവിതരണ ശൃംഖലയിലുടനീളം 205 പുതിയ ഫ്ലോ-മെഷർമെന്റ് ഉപകരണങ്ങളും അത്രതന്നെ പ്രഷർ മോണിറ്ററിങ് യൂണിറ്റുകളും അതോറിറ്റി സ്ഥാപിച്ചു. ഇതിനുപുറമെ, വിദൂരത്തിരുന്ന് നിയന്ത്രിക്കാവുന്ന ഓട്ടോമേറ്റഡ് വാൽവുകളുടെ എണ്ണം 198 ആയി വർദ്ധിപ്പിക്കുകയും ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തിന് അനുസൃതമായാണ് ഈ പ്രവർത്തനങ്ങളെന്ന് ദിവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. യുഎഇ വാട്ടർ സെക്യൂരിറ്റി സ്ട്രാറ്റജി 2036-ന്റെ ഭാഗമായി വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനും ഭാവിയിലെ ജലസുരക്ഷ ഉറപ്പാക്കാനും ഇന്നൊവേഷനും സാങ്കേതികവിദ്യയും പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'വാട്ടർ സ്മാർട്ട് ഡിസ്ട്രിബ്യൂഷൻ മാനേജ്‌മെന്റ് സിസ്റ്റം' എന്ന അത്യാധുനിക പ്ലാറ്റ്‌ഫോമാണ് നിലവിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രീകൃത സംവിധാനം വഴി വിദൂരത്തിരുന്ന് തന്നെ ജലവിതരണം നിയന്ത്രിക്കാനും നിരീക്ഷിക്കാനും സാധിക്കും. രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായി രൂപകൽപന ചെയ്തിരിക്കുന്ന ഈ സിസ്റ്റം ഹൈഡ്രോളിക് അനാലിസിസ് ഉപയോഗിച്ച് പ്രവർത്തനച്ചെലവ് കുറയ്ക്കാനും ജലത്തിന്റെ ഒഴുക്ക് കൃത്യമായി വിശകലനം ചെയ്യാനും സഹായിക്കുന്നു. ഡിജിറ്റൽ ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിലൂടെ സേവനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാനും ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാനുമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.