എബോള: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം
വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ, യുഎഇയിലെ പൊതുജനാരോഗ്യ നില ഭദ്രമാണെന്നും രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ദേശീയ ദുരന്തനിവാരണ വകുപ്പും ആരോഗ്യ മന്ത്രാലയവും അറിയിച്ചു. എബോളയുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങളും യുഎഇയുടെ പ്രതിരോധ സജ്ജീകരണങ്ങളും വിലയിരുത്താൻ ചേർന്ന അടിയന്തര ഉന്നതതല യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ എബോള ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഇവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎഇ പൗരന്മാർക്ക് നിർദേശം നൽകി.
എബോളയെ നേരിടാൻ രാജ്യത്തെ നിരീക്ഷണ സംവിധാനങ്ങളും മെഡിക്കൽ രംഗവും പൂർണ സജ്ജമാണെന്ന് യുഎഇ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. വിമാനത്താവളങ്ങൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്നോ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴിയോ രോഗം പടരില്ല. അതിനാൽ യുഎഇയിലെ താമസക്കാർക്ക് എബോള ഭീഷണി കുറവാണെന്നും യാത്രക്കാർ കൃത്യമായ മുൻകരുതലുകൾ പാലിച്ചാൽ മതിയെന്നും ഡോക്ടർമാർ അറിയിച്ചു.
ബഹ്‌റൈൻ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരത്തെ താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ജോർദാനും സമാന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.
